Currency

ഹയര്‍സെക്കന്ററിയോ അതില്‍ താഴെയോ വിദ്യാഭ്യാസ യോഗ്യതയുള്ള വിദേശികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് പുതുക്കിനല്‍കില്ലെന്ന് കുവൈത്ത്

സ്വന്തം ലേഖകന്‍Monday, August 17, 2020 4:57 pm

കുവൈത്ത് സിറ്റി: കുവൈത്തില്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാഭ്യാസമോ അതിനു താഴെയോ മാത്രം യോഗ്യതയുള്ള വിദേശികള്‍ക്ക് 60 വയസ്സ് കഴിഞ്ഞാല്‍ വര്‍ക്ക് പെര്‍മിറ്റ് പുതുക്കിനല്‍കില്ല. മാന്‍ പവര്‍ അതോറിറ്റി മേധാവി അഹമ്മദ് അല്‍ മൂസയാണ് ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. 2021 ജനുവരി ഒന്നുമുതല്‍ ഉത്തരവ് പ്രാബല്യത്തിലാകും.

ജനസംഖ്യാ ക്രമീകരണ നടപടികളുടെ ചുവടു പിടിച്ചാണ് മാന്‍ പവര്‍ അതോറിറ്റി വിദേശികളുടെ തൊഴില്‍ പെര്‍മിറ്റുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനം കൈക്കൊണ്ടത്. സര്‍ക്കാരിന്റെ സ്ഥിതിവിവരക്കണക്ക് പ്രകാരം ബിരുദം ഇല്ലാത്ത 60 വയസ്സ് തികഞ്ഞ 83,562 വിദേശികളാണ് രാജ്യത്തുള്ളത്. ഇതില്‍ 15,487 പേര്‍ നിരക്ഷരരാണ്. വായിക്കാനും എഴുതാനും അറിയാവുന്ന 24000ത്തോളം പേരും പ്രാഥമിക വിദ്യാഭ്യാസം നേടിയ 10,000 പേരും ഇന്റര്‍മീഡിയറ്റ് യോഗ്യതയുള്ള 16000 പേരും 60 വയസ്സ് കഴിഞ്ഞവരില്‍ ഉണ്ട്.

മന്ത്രിസഭാനിര്‍ദേശ പ്രകാരം കഴിഞ്ഞയാഴ്ച മാന്‍പവര്‍ അതോറിറ്റി ബോര്‍ഡ് അംഗങ്ങള്‍ ഇക്കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ 60 വയസ്സിനു മുകളിലുള്ളവരുടെ കാര്യത്തില്‍ തീരുമാനം വന്നിരിക്കുന്നത്. തൊഴില്‍ പെര്‍മിറ്റ് പുതുക്കുന്നതിന് പ്രായവും വിദ്യാഭ്യാസയോഗ്യതയും മാനദണ്ഡം ആകുമ്പോള്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പ്രവാസികള്‍ക്ക് അടുത്ത വര്‍ഷത്തോടെ നാട്ടിലേക്ക് മടങ്ങേണ്ടി വരും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x