
റിയാദ്: സൗദിയില്‍ പൊതുമാപ്പ് കാലാവധി തീര്‍ന്നതോടെ തുടങ്ങിയ പരിശോധനയില്‍ പിടിയിലായ വിദേശികളുടെ എണ്ണം മുപ്പത്തയ്യായിരം കവിഞ്ഞു. പരിശോധന അഞ്ച് ദിവസം പിന്നിട്ടതോടെ മലയാളികളടക്കമുള്ള നിരവധി ഇന്ത്യക്കാര്‍ അറസ്റ്റിലായിട്ടുണ്ട്. പരിശോധന കൂടുതല്‍ മേഖലകളിലേക്ക് നീങ്ങുകയാണ്. ബുധന്‍ മുതല്‍ ശനിയാഴ്ച വരെ പിടിയിലായത് 36,656 പേരാണ്. ഇതില്‍ പതിനയ്യായിരത്തിലേറെ പേരെ പിടികൂടിയത് ഇഖാമ നിയമലംഘനത്തിനാണ്. ഇഖാമ ഇല്ലാത്തവരും ഉള്ള ഇഖാമയുടെ കാലാവധി കഴിഞ്ഞവരും അറസ്റ്റിലായിട്ടുണ്ട്.
രാജ്യത്തിന്റെ വിവിധ അതിര്‍ത്തികള്‍ വഴി അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ച അയ്യായിരത്തോളം പേരെയും അറസ്റ്റ് ചെയ്തു. തൊഴില്‍ നിയമ ലംഘനത്തില്‍ അയ്യായിരത്തിലേറെ പേര്‍ അകത്തായി. കടകളില്‍ കയറിയും ലേബര്‍ ക്യാമ്പുകള്‍ കേന്ദ്രീകരിച്ചും പരിശോധന ശക്തമാക്കിയിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ നഗരങ്ങളില്‍ കേന്ദ്രീകരിച്ച പരിശോധന ഇതര ഭാഗങ്ങളിലേക്കും വ്യാപിപ്പിച്ചു.
മക്ക പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പിടിയിലായത്. റിയാദ്, അസീര്‍ പ്രവിശ്യയാണ് തൊട്ടു പിന്നില്‍. നിയമലംഘകര്‍ക്ക് താമസമൊരുക്കിയ മുപ്പതോളം സ്വദേശികളും പിടിയിലായി. നിയമലംഘകരില്ലാത്ത രാജ്യം എന്ന കാമ്പയിന്‍ വിജയം കാണും വരെ പരിശോധന തുടരും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.