
ന്യൂയോര്‍ക്ക്: വിമാനത്താവളത്തിലെത്തിയ വളര്‍ത്തുമയിലിന് യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനയാത്ര നിഷേധിച്ചു. ന്യൂയോര്‍ക്കിലെ ജെറ്റ് സെറ്റ് എന്ന ഷോയുടെ തിരക്കഥാകൃത്താണ് മയിലുമായി വിമാനത്താവളത്തിലെത്തിയത്. സീറ്റ് ലഭിക്കാന്‍ അധികച്ചെലവ് വഹിക്കാന്‍ താന്‍ തയാറാണെന്നും വൈകാരിക പിന്തുണ നല്കുന്ന മൃഗം/പക്ഷിയുമായി യാത്ര ചെയ്യാന്‍ തനിക്ക് അവകാശമുണ്ടെന്നുമായിരുന്നു ഇവരുടെ വാദം. എന്നാല്‍ വിമാനസര്‍വീസ് ചട്ടപ്രകാരം മയിലിനെ വിമാനത്തില്‍ കയറ്റാന്‍ കഴിയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ന്യൂ ജേര്‍സിയിലെ നെവാര്‍ക്ക് വിമാനത്താവളത്തിലാണ് സംഭവം നടന്നത്.
വിമാനത്താവളത്തില്‍ എത്തുന്നതിനു മുമ്പേ ഇക്കാര്യങ്ങള്‍ തങ്ങള്‍ യാത്രക്കാരോട് വിശദീകരിച്ചിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി. മയില്‍ വിമാനത്തിനുള്ളില്‍ പറന്നാല്‍ അത് യാത്രക്കാര്‍ക്കും ക്രൂ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും ബുദ്ധിമുട്ടാണെന്നും വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. മയിലിന് യാത്ര നിഷേധിച്ചതോടെ യാത്രക്കാരിയും വിമാനയാത്ര വേണ്ടെന്ന് വെയ്ക്കുകയായിരുന്നു.
ശാരീരികമോ മാനസികമോ ആയ വെല്ലുവിളികള്‍ നേരിടുന്ന രോഗികള്‍ക്ക് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നതാണ് ഇമോഷണല്‍ സപ്പോര്‍ട്ട് ആനിമല്‍സുമായി യാത്ര ചെയ്യാമെന്ന നിയമമുണ്ട്. സാധാരണയായി പട്ടികളോ പൂച്ചകളോ ആണ് ഇതിനായി നിയോഗിക്കപ്പെടുന്നത്. എന്നാല്‍ തത്ത, ടര്‍ക്കി, പന്നി, കുരങ്ങന്, മയില്‍ എന്നിവയും ഈ വിഭാഗത്തില്‍പ്പെടുന്നു. യുണൈറ്റഡ് കിങ്ഡം, അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ ഈ സേവനം ലഭ്യമാണ്.
യുണൈറ്റഡ് എയര്‍ലൈന്‍സ് കൂടാതെ ഡെല്‍റ്റ എയര്‍ലൈന്‍സ്, എയര്‍ കാനഡ, ജെറ്റ് ബ്ലൂ, അമേരിക്കന്‍ എയര്‍ലൈന്‍സ്, ഫ്രന്റ് ലൈന്‍, യു.എസ് എയര്‍വേയ്സ് തുടങ്ങി പല വിമാന സര്‍വീസുകളിലും ഇമോഷണല്‍ സപ്പോര്‍ട്ട് അനിമല്‍സുമായി യാത്ര ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.