
റിയാദ്: സൗദിയിലെ പ്രധാന ഹൈവവേകളിലെ കൂടിയ വേഗത പുനര്‍നിര്‍ണയിച്ചുകൊണ്ട് റോഡ് സുരക്ഷ വിഭാഗം വിജ്ഞാപനമിറക്കി. പ്രധാന ഹൈവേകളില്‍ വേഗപരിധി മണിക്കൂറില്‍ 140 കി.മീ ആക്കി ഉയര്‍ത്തിയതാണ് പ്രധാന മാറ്റം. അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ച് മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത പരിധിയുണ്ടായിരുന്ന കാറുകളടക്കമുള്ള ചെറു വാഹനങ്ങള്‍ക്കാണ് 140 കി.മീ പരിധി ബാധകം.
സൗദിയിലെ ബസുകളുടെ വേഗത മണിക്കൂറില്‍ നൂറും ട്രെക്കുകളുടെ വേഗത മണിക്കൂറില്‍ 80 ഉം ആക്കി ഉയര്‍ത്തിയിട്ടുണ്ട്. രാജ്യത്തെ പ്രധാന ഹൈവേകളില്‍ എട്ട് ലൈനുകളില്‍ മാത്രമാണ് വേഗതപരിധി വര്‍ധിപ്പിച്ചിട്ടുള്ളത്. റിയാദ്-താഇഫ്, റിയാദ്-അല്‍ഖസീം, മക്ക-മദീന, ജിദ്ദ-മദീന എന്നീ അതിവേഗ ഹൈവേകളിലും തിരിച്ചുമുള്ള റൂട്ടിലാണ് വേഗത പരിധി വര്‍ധിപ്പിച്ചത്. റിയാദില്‍ നിന്ന് താഇഫിലേക്കുള്ള ഹൈവേയില്‍ ദുര്‍മയിലെ എക്‌സിറ്റ് അഞ്ചില്‍ നിന്നാരംഭിച്ച് താഇഫിനടുത്ത് എക്‌സിറ്റ് 54 അശീറ വരെയും ഇതേ റൂട്ടില്‍ ഈ പരിധിക്കിടിയിലുമാണ് പുതിയ വേഗത അനുവദിച്ചിട്ടുള്ളത്. ഇരു ഭാഗത്തും നഗരത്തോടടുക്കുന്ന വേളയില്‍ വേഗത പരിധി വീണ്ടും കുറയും.
മക്ക-മദീന ഹൈവേയില്‍ ബുറൈമാന്‍ പാലത്തില്‍ നിന്ന് എക്‌സിറ്റ് എട്ട് വരെയും, മദീന-ജിദ്ദ ഹൈവേയില്‍ എക്‌സിറ്റ് എട്ട് മുതല്‍ ദഹ്ബാനിലെ എക്‌സിറ്റ് 35 വരെയും കൂടിയ വേഗത അനുവദിക്കും. പൊതുസുരക്ഷ വകുപ്പിന് കീഴിലെ റോഡ് സുരക്ഷ വിഭാഗം വേഗപരിധി കാണിച്ചുകൊണ്ടുള്ള ബോര്‍ഡുകള്‍ ഉടന്‍ മാറ്റി സ്ഥാപിക്കുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.