Currency

അബുദാബിയിലെ റോഡുകളില്‍ വേഗപരിധിയില്‍ നല്‍കിയിരുന്ന ഇളവുകള്‍ പിന്‍വലിക്കുന്നു

സ്വന്തം ലേഖകന്‍Thursday, July 26, 2018 12:35 pm
speed limit

അബുദാബി: അബുദാബി റോഡുകളിലെ വേഗ പരിധിയില്‍ നല്‍കിയിരുന്ന ഇളവ് (ഗ്രേസ് സ്പീഡ്) നിര്‍ത്തലാക്കുന്നു. അടുത്തമാസം 12 മുതല്‍ ഭേദഗതി ചെയ്തിരിക്കുന്ന പുതിയ നിയമം നിലവില്‍ വരും. ഇതുവരെ അനുവദിച്ചിരുന്ന വിവിധ റോഡുകളില്‍ അനുവദനീയമായ പരിധിയെക്കാള്‍ 20 കിലോമീറ്റര്‍ കൂടുതല്‍ വേഗത്തില്‍ പോകാമെന്ന ഇളവാണ് നിര്‍ത്തലാക്കുന്നത്. നിയമലംഘകര്‍ക്ക് 600 ദിര്‍ഹമാണു പിഴ. 120 കിലോമീറ്റര്‍ വേഗപരിധിയുള്ള റോഡില്‍ വേഗം 121 ആയാല്‍ ക്യാമറയുടെ പിടിവീഴും.

നിലവില്‍ 80 കിലോമീറ്റര്‍ വേഗപരിധിയുള്ള റോഡുകളില്‍ 100 കിലോമീറ്റര്‍ വരെ പോകാന്‍ അനുമതിയുണ്ട്. വേഗം 101 കിലോമീറ്ററായാലാണ് നിയമലംഘനമാകുക. ഈ രീതി പൂര്‍ണമായും മാറും. തിരക്കും മറ്റും കണക്കിലെടുത്ത് ഓരോ റോഡിലും വ്യത്യസ്ത വേഗപരിധിയാണുള്ളത്. അതിവേഗ പാതകള്‍ ഉള്‍പ്പെടെ ചെറുതും വലുതുമായ എല്ലാ റോഡുകളിലും പുതിയ നിയമം ബാധകമായിരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. പുതിയ സംവിധാനത്തിലേക്കു മാറുന്നതിന്റെ ഭാഗമായി ക്യാമറകളില്‍ ക്രമീകരണം വരുത്തുന്ന നടപടികള്‍ ആരംഭിച്ചു. റോഡിലെ തിരക്കും അപകട നിരക്കും പഠന വിധേയമാക്കിയാണ് വേഗത്തിലെ ഇളവ് ഒഴിവാക്കുന്നതെന്ന് പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ മുഹമ്മദ് ഖല്‍ഫാന്‍ അല്‍ റുമൈത്തി പറഞ്ഞു.

വര്‍ഷങ്ങള്‍ നീണ്ട പഠനത്തിന് ഒടുവിലാണ് തീരുമാനം. ഇക്കാര്യത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ നേരത്തെ പൊതുജനങ്ങളുടെ അഭിപ്രായവും തേടിയിരുന്നു. പുതിയ സംവിധാനത്തെക്കുറിച്ച് ബോധവല്‍കരണ ക്യാംപെയ്‌നും തുടക്കം കുറിച്ചു. പൊതു വാഹനങ്ങളിലും ടാക്‌സികളിലും ഇതുസംബന്ധിച്ച വിവരങ്ങള്‍ പതിക്കുന്നുണ്ട്. രാജ്യാന്തര മാനദണ്ഡപ്രകാരം ജനങ്ങളുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തിയാണ് പരിഷ്‌കാരമെന്നും മുഹമ്മദ് ഖല്‍ഫാന്‍ വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x