Currency

സ്വദേശിവത്കരണം: കര്‍ശന നടപടിയുമായി ഒമാന്‍

സ്വന്തം ലേഖകന്‍Monday, February 26, 2018 11:51 am

മസ്‌കത്ത്: നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിട്ടും കമ്പനികള്‍ നിയമപ്രകാരമുള്ള സ്വദേശികളെ നിയമിക്കാന്‍ തയാറാകാത്ത സാഹചര്യത്തില്‍ സ്വദേശിവത്കരണം നടപ്പാക്കാത്ത കമ്പനികള്‍ക്കെതിരെ കര്‍ശന നടപടി തുടരാനുറച്ച് അധികൃതര്‍. സ്വദേശിവത്കരണത്തോത് പാലിക്കുക അല്ലെങ്കില്‍ നടപടി നേരിടുക എന്ന നയമാണ് സര്‍ക്കാറിന്റേതെന്ന് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. കമ്പനികളില്‍ ചുരുങ്ങിയത് 10 ശതമാനമെങ്കിലും സ്വദേശിവത്കരണം നിര്‍ബന്ധമാണ്. ഇത് നടപ്പാക്കിയില്ലെങ്കില്‍ കര്‍ശന ശിക്ഷാനടപടി നേരിടേണ്ടിവരും.

സ്വദേശിവത്കരണത്തോത് പാലിക്കാത്ത 199 കമ്പനികള്‍ക്കെതിരെ കഴിഞ്ഞയാഴ്ച മന്ത്രാലയം നടപടിയെടുത്തിരുന്നു. മന്ത്രാലയം ഉദ്യോഗസ്ഥര്‍ കമ്പനികളില്‍ പരിശോധന നടത്തി സ്വദേശിവത്കരണത്തോത് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. പരിശോധനയില്‍ നിയലംഘനം കണ്ടെത്തിയാല്‍ നടപടികള്‍ക്ക് വിധേയരാവേണ്ടിവരും. ഇത്തരം കമ്പനികള്‍ക്ക് സര്‍ക്കാര്‍തലത്തില്‍ ഒരു സേവനവും ലഭിക്കില്ല.

പുതിയ തൊഴില്‍ ക്ലിയറന്‍സുകള്‍ നല്‍കല്‍, തൊഴില്‍ കാര്‍ഡ് പുതുക്കല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. കഴിഞ്ഞയാഴ്ച നടപടിക്ക് വിധേയമായ 199 കമ്പനികള്‍ക്കും ഈ സേവനങ്ങള്‍ ലഭിക്കില്ല. ഈ കമ്പനികളിലെ മലയാളികള്‍ അടക്കം 16,544 വിദേശതൊഴിലാളികളുടെ ഭാവിയാണ് ഇതോടെ അനിശ്ചിതത്വത്തിലായിരിക്കുന്നത്. ശമ്പളപ്പട്ടികയില്‍ അമ്പതിലധികം പേരുള്ളവരാണ് ഓരോ കമ്പനികളും.

നിരവധി ചെറുകിട കമ്പനികള്‍ സാമ്പത്തിക പ്രതിസന്ധിമൂലം സ്വദേശിവത്കരണം നടപ്പാക്കാതെയുണ്ട്. പുതിയ തസ്തികകളുണ്ടാക്കി സ്വദേശിവത്കരണം നടപ്പാക്കാനുള്ള സാമ്പത്തികശേഷി ഇത്തരം കമ്പനികള്‍ക്കുണ്ടാവില്ല എന്നതാണ് ഇതിന് കാരണം. നിലവില്‍ ജോലിചെയ്യുന്ന വിദേശികളെ പിരിച്ചുവിട്ട് സ്വദേശികളെ നിയമിക്കുക മാത്രമായിരിക്കും ഇവര്‍ക്കുള്ള പോംവഴി. ഇത് മലയാളികളടക്കം നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാന്‍ കാരണമാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x