Currency

ഒമാനില്‍ മെയ് എട്ടു മുതല്‍ കര്‍ഫ്യൂ സമയം നീട്ടി; വാണിജ്യ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കും

സ്വന്തം ലേഖകന്‍Thursday, May 6, 2021 4:46 pm

മസ്‌കത്ത്: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ മെയ് 8 മുതല്‍ മെയ് 15 വരെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിര്‍ത്തിവെക്കാനും കര്‍ഫ്യൂ സമയം വൈകുന്നേരം ഏഴുമുതല്‍ രാവിലെ നാലുവരെയാക്കാനും സുപ്രീംകമ്മിറ്റി തീരുമാനിച്ചു. ആവശ്യ വസ്തുക്കളൊഴികെ എല്ലാ വാണിജ്യ പ്രവര്‍ത്തനങ്ങളും നിരോധിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഭക്ഷ്യകടകള്‍, എണ്ണ പമ്പുകള്‍, ആരോഗ്യ ക്ലിനികുകളും ആശുപത്രികളും, ഫാര്‍മസികള്‍, ഹോം ഡെലിവറി സേവനങ്ങള്‍ എന്നിവയെയാണ് നിരോധത്തില്‍ നിന്ന് ഒഴിവാക്കിയത്.

ഈദുല്‍ ഫിത്വര്‍ കടന്നു വരുന്ന ആഴ്ചയലിലാണ് ശക്തമായ നിയന്ത്രണം സര്‍ക്കാര്‍ പ്രഖ്യപിച്ചിരിക്കുന്നത്. മെയ് 11 മുതല്‍ മൂന്നുദിവസം ജീവനക്കാര്‍ തൊഴിലിടങ്ങളില്‍ വരേണ്ടതില്ലെന്നും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വിദൂര തൊഴില്‍ സംവിധാനം നടപ്പിലാക്കാനും ഉത്തവിലുണ്ട്. സ്വകാര്യ സ്ഥാപനങ്ങളോടും ഈ ദിവസങ്ങളില്‍ ജോലി സ്ഥലങ്ങളിലേക്ക് വരേണ്ട തൊഴിലാളികളുടെ എണ്ണം പരിമിതപ്പെടുത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഈദുല്‍ ഫിത്വറിന് പെരുന്നാള്‍ നമസ്‌കാരവും പരമ്പരാഗത ഈദ് വിപണികളും നടത്തേണ്ടതില്ലെന്നും ബീച്ചുകള്‍, പാര്‍ക്കുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധയിടങ്ങളില്‍ ഒത്തുചേരുന്നത് നിരോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. കുടുംബങ്ങളുടെ കൂടിച്ചേരലിനും കൂട്ടായുള്ള ആഘോഷ പരിപാടികള്‍ക്കും നിയന്ത്രണം ബാധകമാണ്.

നിലവില്‍ രാത്രി ഒമ്പതു മുതല്‍ രാവിലെ നാലു വരെയാണ് കര്‍ഫ്യൂ. ഒമാനിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷ സീസണായ പെരുന്നാള്‍ സന്ദര്‍ഭത്തില്‍ കോവിഡ് വ്യാപനത്തിന് കാരണമാകുന്ന സാഹചര്യങ്ങളെ തടയാനുദ്ദേശിച്ചാണ് പുതിയ നിയന്ത്രണങ്ങള്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x