
ബെയ്ജിങ്: ഇന്ത്യയിലെന്നല്ല ലോകമെമ്പാടും വൈറലായിരുന്നു പ്രിയാ വാര്യരുടെ കണ്ണിറുക്കല്‍. കേവലം ഒരു സിനിമാ പാട്ടിലെ രംഗത്തിലൂടെ കണ്ണിറുക്കി കാണിച്ച് പ്രിയ പ്രേക്ഷകരെ കീഴടക്കി. എന്നാല്‍ പ്രിയയ്ക്ക് ശേഷം ചൈനയില്‍ നിന്നുള്ള ഒരു മാധ്യമപ്രവര്‍ത്തകയുടെ കണ്ണുരുട്ടലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കിയിരിക്കുന്നത്. ഷാങ്ഹായി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യികായി ടിവി ചാനലിലെ ലിയാങ് ഷിയാങി എന്ന മാധ്യമപ്രവര്‍ത്തകയാണ് കണ്ണുരുട്ടി വൈറലായത്.
പ്രിയയുടെ പോലെ കുസൃതി നിറഞ്ഞതല്ലെങ്കിലും ലിയാങിന്റെ കണ്ണുരുട്ടല്‍ ചിരി പടര്‍ത്തുന്നതാണ്. സര്‍ക്കാര്‍ പ്രതിനിധിയോട് ഒട്ടും ഗൗരവമില്ലാത്ത ചോദ്യം ചോദിച്ച മറ്റൊരു മാധ്യമപ്രവര്‍ത്തകയോടുള്ള അമര്‍ഷമായിരുന്നു ലിയാങ് കണ്ണുചുറ്റിച്ചു പ്രകടിപ്പിച്ചത്. ചോദ്യം ചോദിക്കുന്ന മാധ്യമപ്രവര്‍ത്തകയെ ലിയാങ് തിരിഞ്ഞു നോക്കുന്നതും കാണാം. ലിയാങിന്റെ കണ്ണുരുട്ടല്‍ മറ്റ് ചാനലുകള്‍ തത്സമയം സംപ്രേഷണം ചെയ്തതോടെയാണ് ഇത് വൈറലായത്.
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയായ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ രണ്ടാഴ്ച നീണ്ടുനിന്ന പാര്‍ലമെന്റ് സമ്മേളനത്തിനു ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു സംഭവം. ദൃശ്യങ്ങള്‍ വൈറലായതോടെ ഇതിന്റെ അടിസ്ഥാനത്തില്‍ ലിയാങിനെ വെച്ച് നിരവധി ജിഫുകളും വരുന്നുണ്ട്. വാട്ട്സാപ്പിന് പകരം ചൈനയില്‍ പ്രചാരത്തിലുള്ള മെസേജിങ് സര്‍വീസ് വി ചാറ്റിലും ലിയാങ് തരംഗമായിക്കഴിഞ്ഞു.
അതേസമയം ചൈനയിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ വെയ്ബോയില് ലിയാങിന്റെ പേര് തെരച്ചിലില്‍ വരുന്നതില്‍നിന്ന് ബ്ളോക്ക് ചെയ്തിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.