Currency

ഏറ്റവും നീളമുള്ള മുടിയുമായി ഗുജറാത്തി പെണ്‍കുട്ടി ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡില്‍; മുടിയുടെ നീളം 170.5 സെന്റീ മീറ്റര്‍

സ്വന്തം ലേഖകന്‍Wednesday, January 23, 2019 2:09 pm

ഗുജറാത്ത്: ലോകത്തിലെ ഏറ്റവും നീളമുള്ള മുടിയുടെ ഉടമ ഒരു ഗുജറാത്തി പെണ്‍കുട്ടി. അഹമ്മദാബാദ് സ്വദേശിനി നിലാന്‍ഷി പട്ടേലാണ് 170.5 സെന്റീമിറ്റര്‍ (അഞ്ച് അടി ഏഴ് ഇഞ്ച്) നീളമുള്ള മുടിയുമായി ഗിന്നസ് ബുക്കില്‍ കയറിയത്. 16 വയസുകാരിയാണ് നിലാന്‍ഷി. ജപ്പാന്‍കാരി കെയ്റ്റോ കവാഹാര (155.5 സെന്റീമീറ്റര്‍)യേയും അര്‍ജന്റീനക്കാരി അബ്രില്‍ ലോറെന്‍സാട്ടി (152.5 സെന്റീമീറ്റര്‍)യേയും പിന്തള്ളിയാണ് നിലാന്‍ഷി വേള്‍ഡ് ഗിന്നസ് റെക്കോര്‍ഡ്സില്‍ ഇടംപിടിച്ചത്.

മൊദസ ബികാനെ സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് നിലാന്‍ഷി. അധ്യാപകരായ ബ്രിജേഷ്‌കുമാറിന്റെയും കാമിനിയുടെയും ഏകമകളാണ്. ചെറുപ്പത്തില്‍ ആണ്‍കുട്ടികളെപോലെ മുടി മുറിച്ചാണ് നിലാന്‍ഷി നടന്നിരുന്നത്. എന്നാല്‍ മുടി വളര്‍ത്തണമെന്ന അവളുടെ ആഗ്രഹത്തിന് മാതാപിതാക്കള്‍ പിന്നീട് എതിര്‍പ്പ് പറഞ്ഞിരുന്നില്ല.

അതേസമയം, മുടിയുടെ പേരില്‍ പ്രശസ്തയായെങ്കിലും തന്റെ ലക്ഷ്യം അതൊന്നുമല്ലെന്ന് അവള്‍ പറയുന്നു. ഭാവിയെ കുറിച്ചാണ് താന്‍ ചിന്തിക്കുന്നത്. ജെഇഇ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണ് താന്‍. ഐഐടി പ്രവേശനവും മികച്ച ഒരു ഐടി എന്‍ജിനീയര്‍ ആകുകയുമാണ് ലക്ഷ്യം.

പെയിന്റിംഗിലും മ്യൂസിക്കിലും സ്‌കേറ്റിംഗിലും ടേബില്‍ ടെന്നീസിലും മകള്‍ മികവ് പുലര്‍ത്തുന്നുണ്ടെന്ന് ബ്രിജേഷ്‌കുമാര്‍ പറയുന്നു. അവളുടെ മുടിയുടെ രഹസ്യം കുടുംബപാരമ്പര്യമാണെന്നാണ് അമ്മ പറയുന്നത്. തങ്ങള്‍ രണ്ടുപേരുടെയും കുടുംബത്തില്‍ നീണ്ട മുടി പാരമ്പര്യമാണ്. മുടിയ്ക്ക് കൂടുതല്‍ സംരക്ഷണമൊന്നും നല്‍കാറില്ല. ആഴ്ചയില്‍ ഒരിക്കല്‍ നന്നായി എണ്ണയിട്ട് മുടി കഴുകാറുണ്ടെന്നും അവര്‍ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x