Currency

സ്വദേശിവത്കരണം എട്ട് ശതമാനം ഉയര്‍ന്നു; മൂന്നര ശതമാനം കൂടി വളര്‍ച്ച രേഖപ്പെടുത്തുമെന്ന പ്രതീക്ഷയില്‍ അധികൃതര്‍

സ്വന്തം ലേഖകന്‍Friday, November 15, 2019 1:03 pm

മസ്‌കത്ത്: മൂന്ന് തൊഴില്‍ വിഭാഗങ്ങളിലെ സ്വദേശി തൊഴിലാളികളുടെ എണ്ണം ഈ വര്‍ഷം ഉയര്‍ന്നതായി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. വ്യവസായം, ട്രാവല്‍ ആന്‍ഡ് ടൂറിസം, ചരക്കുഗതാഗതം എന്നീ മേഖലകളില്‍ സ്വദേശിവത്കരണ തോത് 2017നെ അപേക്ഷിച്ച് എട്ട് ശതമാനമാണ് ഉയര്‍ന്നത്. അടുത്ത വര്‍ഷത്തോടെ മൂന്ന് വിഭാഗങ്ങളിലുമായുള്ള സ്വദേശിവത്കരണ തോത് മൂന്നര ശതമാനംകൂടി ഉയരുമെന്ന പ്രതീക്ഷയിലാണ് മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കി വരുകയാണെന്ന് മന്ത്രാലയം അധികൃതര്‍ വ്യക്തമാക്കുന്നു.

ട്രാവല്‍ ആന്‍ഡ് ടൂറിസമാണ് സ്വദേശിവത്കരണത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന മേഖല. 2017ല്‍ 41.1 ശതമാനമായിരുന്നത് കഴിഞ്ഞ വര്‍ഷം 42.1 ശതമാനമായും ഈ വര്‍ഷം 43.1 ശതമാനമായും ഉയര്‍ന്നു. രണ്ടുവര്‍ഷംകൊണ്ട് രണ്ട് ശതമാനത്തോളം വര്‍ധനയാണ് സ്വദേശിവത്കരണത്തില്‍ ഉണ്ടായത്. അടുത്ത വര്‍ഷത്തോടെ ഈ മേഖലയില്‍ 44.1 ശതമാനമാണ് ലക്ഷ്യമിടുന്ന സ്വദേശിവത്കരണ തോത്.

വ്യവസായ മേഖലയിലാകട്ടെ, 2017ല്‍ 32.5 ശതമാനമായിരുന്നു. ഈ വര്‍ഷം അത് 34.5 ആയി. അടുത്ത വര്‍ഷത്തോടെ 35 ആയി ഉയര്‍ത്താനാണ് ശ്രമം. ചരക്കുഗതാഗത മേഖലയിലെ സ്വദേശിവത്കരണം 2017ല്‍ 14 ശതമാനമായിരുന്നത് ഈ വര്‍ഷം 18 ആയി ഉയര്‍ന്നു. അടുത്ത വര്‍ഷത്തോടെ 20 ശതമാനത്തിലെത്തിക്കുകയാണ് ലക്ഷ്യം. സ്വദേശിവത്കരണ തോത് പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ ശിക്ഷാ, നിയമ നടപടികളും സ്വീകരിച്ചുവരുന്നുണ്ടെന്ന് മന്ത്രാലയം വക്താവ് പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x