Currency

തേനീച്ച വിഷം സ്തനാര്‍ബുദ കോശത്തെ നശിപ്പിക്കും; കണ്ടെത്തലുമായി ഓസ്ട്രേലിയന്‍ ശാസ്ത്രജ്ഞ

സ്വന്തം ലേഖകന്‍Thursday, September 3, 2020 12:40 pm

തേനീച്ചയില്‍ നിന്നുള്ള വിഷത്തിന് സ്തനാര്‍ബുദകോശത്തെ ഇല്ലാതാക്കാന്‍ കഴിയുമെന്ന് കണ്ടെത്തല്‍. വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ ഹാരി പേര്‍ക്കിന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ ഗവേഷകയായ ഡോക്ടര്‍ സിയേറ ഡഫി നടത്തിയ ഗവേഷണത്തിലാണ് തേനീച്ചയില്‍ നിന്നുള്ള വിഷത്തിന് സ്തനാര്‍ബുദകോശത്തെ ഇല്ലാതാക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയത്.

സ്തനാര്‍ബുദ ചികിത്സയുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തില്‍ ഏറ്റവും പ്രധാന കണ്ടെത്തലായിട്ടാണ് ശാസ്ത്രലോകം ഈ ഗവേഷണത്തെ കണക്കാക്കുന്നത്. വെസ്റ്റേണ്‍ ഓസ്ട്രേലിയയില്‍ നിന്നും യൂറോപ്പില്‍ നിന്നും കൊണ്ടുവന്ന 312 തേനീച്ചകളില്‍ നിന്നുള്ള വിഷം ശേഖരിച്ചാണ് പഠനം നടത്തിയത്.

ഈ വിഷം വെറും ഒരു മണിക്കൂറുകൊണ്ട് അര്‍ബുദ കോശങ്ങളെ ഇല്ലാതാക്കിയതായി ഗവേഷണം നടത്തിയ ഡോ ഡഫി വ്യക്തമാക്കി. മാത്രമല്ല, പുതിയ കോശത്തെ അധികം ബാധിക്കാത്ത വിധത്തിലാണ് ഇത് പ്രവര്‍ത്തിച്ചതെന്നും ഡഫി പറഞ്ഞു. ട്രിപ്പിള്‍-നെഗറ്റീവ് ബ്രെസ്റ്റ് ക്യാന്‍സറിന്റെ ചികിത്സ വികസിപ്പിക്കാന്‍ ഇത് ഒരു കാരണമായേക്കുമെന്ന പ്രതീക്ഷയിലാണ് ഡഫി.

നിലവില്‍ കണ്ടുവരുന്ന സ്തനാര്‍ബുദങ്ങളില്‍ 10 മുതല്‍ 15 ശതമാനം വരെ ട്രിപ്പിള്‍-നെഗറ്റീവ് ബ്രെസ്റ്റ് ക്യാന്‍സറാണ്. ഇതിന് നിലവില്‍ ഫലപ്രദമായ ചികിത്സകളൊന്നുമില്ല. എന്നാല്‍ തേനീച്ച വിഷമായ മെലിറ്റിന് ഇത് ഇല്ലാതാക്കാനുള്ള കഴിവുണ്ടെന്ന് ഡഫി വ്യക്തമാക്കി.

കാര്‍ബണ്‍ ഡയോക്സൈഡ് നല്‍കി തേനീച്ചകളെ മയക്കിയശേഷം ഇവയെ ഐസിനു മുകളില്‍ വച്ചാണ് വിഷം ശേഖരിച്ചത്. ഇത്തരത്തില്‍ ശേഖരിച്ച വിഷം കാന്‍സര്‍ കോശങ്ങളിലേക്ക് കുത്തിവച്ചാണ് പഠനം നടത്തിയത്. തേനീച്ച വിഷത്തിലുള്ള മെലിറ്റിന്‍ എന്ന മിശ്രിതമാണ് ഇതിനായി ഉപയോഗിച്ചത്. അര്‍ബുദ കോശങ്ങളെ പൂര്‍ണമായും ഇല്ലാതാക്കാന്‍ മെലിറ്റിന് സാധിക്കുമെന്ന് കണ്ടെത്തിയതായി ഡോ ഡഫി പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x