
റിയാദ്: വാഹനങ്ങള്‍ക്കുള്ളില്‍ ഇരുന്ന് കൊറോണ വൈറസ് പ്രതിരോധ വാക്‌സീന്‍ സ്വീകരിക്കാന്‍ അവസരമൊരുക്കി സൗദി ആരോഗ്യ മന്ത്രാലയം. റിയാദ്, മക്ക, മദീന, അബ്ഹ നഗരങ്ങളിലാണ് വാഹനത്തില്‍ വച്ച് വാക്‌സീന്‍ നല്‍കുന്ന സേവനത്തിന് ഞാറാഴ്ച മുതല്‍ തുടക്കം കുറിച്ചത്. സിഹ്ഹത്തീ ആപ്ലിക്കേഷനില്‍ മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്ത സ്വദേശികല്‍ക്കും പ്രവാസികള്‍ക്കും ഈ സേവനം പ്രയോജനപ്പെടുത്താം.
വാക്‌സീനേഷന്‍ പ്രചാരണത്തിന്റെ രണ്ടാം ഘട്ടം ഫെബ്രുവരി 18 നാണ് മന്ത്രാലയം ആരംഭിച്ചത്. 2020 ഡിസംബര്‍ 17 ന് റിയാദില്‍ ആദ്യ വാക്‌സീനേഷന്‍ കേന്ദ്രം ആരംഭിച്ച സൗദി അറേബ്യ രാജ്യവ്യാപകമായി പ്രതിരോധ കുത്തിവയ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു.
വാക്‌സീന്‍ സ്വീകരിക്കാന്‍ സ്വയം റജിസ്റ്റര്‍ ചെയ്ത സൗദി പൗരന്മാരുടെ എണ്ണം രണ്ട് ദശലക്ഷം കവിഞ്ഞതായി അധികൃതര്‍ അറിയിച്ചു. ശേഷിക്കുന്ന 26 ദശലക്ഷം സ്വദേശികള്‍ക്ക് 2021 അവസാനത്തോടെ പ്രതിരോധ കുത്തിവയ്പ് പൂര്‍ത്തിയാക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.