Currency

ട്രാഫിക് പൊലീസുകാരന്‍ സാന്താക്ലോസിന്റെ വേഷത്തില്‍ നൃത്തച്ചുവടുകളുമായി ഗതാഗതം നിയന്ത്രിച്ചപ്പോള്‍, വീഡിയോ

സ്വന്തം ലേഖകന്‍Sunday, December 17, 2017 12:15 pm
Play

 

തിരക്കുള്ള ഒരു റോഡില്‍ ക്രിസ്മസ് പാപ്പ ട്രാഫിക് നിയന്ത്രിക്കുന്നത് ഒന്ന് ആലോചിച്ച് നോക്കൂ. രസകരമാണ് ആ കാഴ്ച. തിരക്കുള്ള റോഡില്‍ ട്രാഫിക് മറികടക്കുക പ്രയാസമാണ്. അതിലും പ്രയാസമാണ് ട്രാഫിക് നിയന്ത്രിക്കുന്നത്. എന്നാല്‍ മനിലയിലെ ഒരു ട്രാഫിക് ഉദ്യോഗസ്ഥന്‍ തന്റെ ജോലി ആസ്വദിക്കുകയാണ്.

വാഹനങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും പായുന്നതിനിടെ സാന്താക്ലോസിന്റെ വേഷമണിഞ്ഞ് നൃത്തം ചെയ്ത് കൊണ്ട് ട്രാഫിക് നിയന്ത്രിക്കുകയാണ് ഫിലിപ്പൈന്‍ സ്വദേശിയായ റാമിറോ ഹിനോജാസ്. ക്രിസ്മസ് സീസണ്‍ ആയതിനാല്‍ സാന്താക്ലോസിന്റെ ചുവന്ന കുപ്പായമണിഞ്ഞ് നൃത്ത ചുവടുകളിലൂടെയാണ് റാമിറോ വാഹനങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നത്.

ട്രക്കുകളും ബസുകളുമൊക്കെ റോഡിലൂടെ അങ്ങോട്ടും ഇങ്ങോട്ടും പായുമ്പോള്‍ നൃത്തം ചെയ്തുകൊണ്ടാണ് ഇദ്ദേഹം ട്രാഫിക് നിര്‍ദേശങ്ങള്‍ നല്‍കുന്നത്. 2005 മുതല്‍ മനിലയിലെ ഹൈവേകളിലാണ് റാമിറോയുടെ ജോലി. ജോലിക്ക് കയറി അടുത്ത വര്‍ഷം മുതല്‍ റോഡില്‍ നൃത്തം വെച്ച് വാഹനങ്ങളെ നിയന്ത്രിക്കുന്ന ഈ ട്രാഫിക് പൊലീസുകാരന്‍ യാത്രക്കാര്‍ക്ക് കൗതുക കാഴ്ചയാണ്. നൃത്തചുവടുകളിലൂടെ നിര്‍ദേശം നല്‍കുമ്പോള്‍ യാത്രാക്കാര്‍ കൂടുതല്‍ ശ്രദ്ധിക്കുന്നുണ്ടെന്നാണ് റാമിറോയുടെ പക്ഷം. നൃത്തം ചെയ്ത് കൊണ്ട് നിയന്ത്രിച്ചാലും റാമിറോയുടെ അശ്രദ്ധ കൊണ്ട് വാഹനപകടങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല.

റാമിറോയുടെ നൃത്തച്ചുവടുകളില്‍ കൗതുകം തോന്നുന്ന കാല്‍നടയാത്രക്കാരില്‍ ചിലര്‍ സാന്റായുടെ വേഷത്തിലുള്ള ഈ പൊലീസുകാരന്റെ ചിത്രങ്ങളും വീഡിയോകളും പകര്‍ത്തുന്നുണ്ട്. റാമിറോയുടെ ഈ രീതി തങ്ങളും ആസ്വദിക്കാറുണ്ടെന്നാണ് വാഹനയാത്രക്കാരുടെ പ്രതികരണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x