Currency

ഓസ്ട്രേലിയയില്‍ കൊവിഡ് വാക്സിന്‍ നല്‍കുന്നത് അടുത്ത മാര്‍ച്ച് മുതല്‍ മാത്രം; സുരക്ഷക്ക് മുന്‍ഗണനയെന്ന് സര്‍ക്കാര്‍

സ്വന്തം ലേഖകന്‍Saturday, December 5, 2020 4:30 pm

ഓസ്ട്രേലിയ: ഓസ്ട്രേലിയയില്‍ മാര്‍ച്ച് മുതല്‍ മാത്രമേ കൊവിഡ് വാക്സിന്‍ നല്‍കുകയുള്ളുവെന്ന് ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ട് അറിയിച്ചു. വാക്സിന്റെ സൂരക്ഷ അതിവേഗം വിലയിരുത്താനും സൗജന്യമായി ഇവ വിതരണം ചെയ്യാനും സര്‍ക്കാര്‍ തയ്യാറായിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. വാക്സിനെക്കുറിച്ച് ഓസ്ട്രേലിയയിലെ ഫൈസര്‍ സി ഇ ഒ യുമായി സംസാരിച്ചുവെന്നും തെറാപ്യൂട്ടിക് ഗുഡ്‌സ് അഡ്മിനിസ്ട്രേഷന്റെ (TGA) അംഗീകാരം ലഭിച്ചാല്‍ ഓസ്ട്രേലിയയില്‍ ഇവ വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചതായി ഗ്രെഗ് ഹണ്ട് വ്യക്തമാക്കി.

ഇതിനായി TGA യുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു വരികയാണ് ഫൈസര്‍ കമ്പനി. 2021 ജനുവരി അവസാനത്തോടെ അംഗീകാരം നല്‍കുന്ന കാര്യത്തില്‍ ഒരു തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അതിന് ശേഷം 2021 മാര്‍ച്ചോടെ രാജ്യത്ത് വാക്സിന്‍ വിതരണം ചെയ്യാനുമാണ് പദ്ധതിയെന്നും മന്ത്രി വ്യക്തമാക്കി.

വാക്സിന്‍ നല്‍കുമ്പോള്‍ സുരക്ഷയാണ് ഓസ്ട്രലിയക്കാര്‍ തങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ ഓസ്ട്രേലിയക്കാരുടെ സുരക്ഷക്കാണ് മുന്‍തൂക്കം കൊടുക്കുന്നതെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പറഞ്ഞു. ബ്രിട്ടനില്‍ ഫൈസര്‍ വാക്സിന് അടിയന്തരമായി അംഗീകാരം നല്‍കിയ നടപടി സ്വാഗതം ചെയ്യുന്നതായി മന്ത്രി ഗ്രെഗ് ഹണ്ട് പറഞ്ഞു. വാക്സിന്‍ എടുക്കുന്നത് രാജ്യത്ത് നിര്‍ബന്ധമാക്കില്ലെന്നും, ആവശ്യമുള്ളവര്‍ സ്വമേധയാ മുന്‍പോട്ടു വരേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

ഫൈസര്‍ വാക്സിന്‍ ഫലപ്രദമായാല്‍ പത്ത് മില്യണ്‍ ഫൈസര്‍ വാക്സിന്‍ ഡോസുകള്‍ വാങ്ങാനാണ് ഫെഡറല്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. മെസഞ്ചര്‍ ആര്‍എന്‍എ (mRNA) എന്ന പുത്തന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ വാക്‌സിന്‍ വികസിപ്പിച്ചിരിക്കുന്നത്.

ഫൈസര്‍ വാക്സിന്‍ ഉള്‍പ്പെടെ നാല് വ്യത്യസ്ത വാക്സിനുകള്‍ക്കായി സര്‍ക്കാര്‍ കരാര്‍ ഒപ്പ് വച്ചിട്ടുണ്ട്. എന്നാല്‍ ഇവയെല്ലാം പരീക്ഷണത്തിലാണ്. ക്വീന്‍സ്ലാന്റ് യൂണിവേഴ്‌സിറ്റിയുടെ നോവവാക്‌സ്, ഓസ്ഫോര്‍ഡ് വാക്സിന്‍, കോവാക്‌സ് എന്നീ വാക്സിനുകള്‍ക്കാണ് ഓസ്‌ട്രേലിയ കരാര്‍ ഒപ്പ് വച്ചിരിക്കുന്ന മറ്റ് വാക്സിനുകള്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x