ഖത്തറില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വിദേശികള്‍ക്ക് നിക്ഷേപം ഇറക്കുന്നതിന് മന്ത്രിസഭയുടെ അംഗീകാരം. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഖത്തറില്‍ ഇനി മുതല്‍ സ്വദേശികള്‍ക്കെന്നപോലെ വിദേശികള്‍ക്കും സ്വന്തമായി ഭൂമിയും കെട്ടിടങ്ങളും സ്വന്തമാക്കാന്‍ കഴിയുന്ന തരത്തിലുള്ള നിയമത്തിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്.
രാജ്യത്തെ കുപ്പിവെള്ളം ശുദ്ധമാണെന്നും ജിസിസി മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ളതാണെന്നും ലോകാരോഗ്യ സംഘടന ഇത് അംഗീകരിച്ചതാണെന്നും പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ കുപ്പിവെള്ളത്തിന്റെ സുരക്ഷ സംബന്ധിച്ച് സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിച്ച വാര്‍ത്തകള്‍ തെറ്റിദ്ധരിപ്പിക്കുന്നവയാണെന്നും മന്ത്രാലയം വ്യക്തമാക്കി.
ഓണ്‍ അറൈവല്‍ വീസ സേവനം പ്രയോജനപ്പെടുത്തി ഖത്തറിലേക്കെത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ഫെബ്രുവരിയിലെത്തിയതിനേക്കാള് 30.3% സന്ദര്‍ശകരാണ് കൂടുതലായി മാര്‍ച്ചില്‍ എത്തിയത്. മാര്‍ച്ച് മാസത്തില്‍ 93,973 സന്ദര്‍ശകരാണ് ഓണ്‍ അറൈവല്‍ വീസ സേവനം പ്രയോജനപ്പെടുത്തി ഖത്തറിലെത്തിയത്.
ബനീ ഹജര്‍ ഇന്റര്സെക്ഷന് പബ്ലിക് വര്‍ക്സ് അതോറിറ്റി (അശ്ഗാല്‍) ഗതാഗതത്തിനായി തുറന്നു കൊടുത്തു. ഖലീഫ അവന്യൂ പദ്ധതിയുടെ ഭാഗമായ ബനീ ഹജര്‍ ഇന്റര്സെക്ഷന് ദോഹ, ദുഖാന്, ബനീ ഹജര്‍, അല്‍ റയ്യാന്‍ എന്നീ പ്രദേശങ്ങള്‍ക്കിടയിലുള്ള സുഗമമായ ഗതാഗതത്തിന് ഏറെ പ്രയോജനപ്പെടും.
കഹ്റമാ(ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്പറേഷന്)യുടെ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലുള്ള ശാഖ ഏപ്രില്‍ 19ന് സ്ഥിരമായി അടച്ചുപൂട്ടുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ശാഖ അടച്ചിടുന്നതോടെ ഉപഭോക്താക്കള്‍ക്ക് മുശൈരിബ്, അല്‍ഖോര്‍, സല്‍വാറോഡ്, പ്രധാന കേന്ദ്രമായ ഹിലാല്‍ എന്നീ കേന്ദ്രങ്ങളെ സേവനങ്ങള്‍ക്കായി സമീപിക്കാമെന്നും കഹ്റമ വ്യക്തമാക്കി.
രാജ്യത്തേക്കുള്ള ഭക്ഷ്യ ഇറക്കുമതിയുടെ വിവരങ്ങള്‍ റജിസ്റ്റര്‍ ചെയ്യാനും ഭക്ഷ്യസാധനങ്ങള്‍ പൂര്‍ണ്ണ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താനും പുതിയ വെബ്സൈറ്റ് തുടങ്ങി. പൊതുജനാരോഗ്യ മന്ത്രാലയമാണ് പുതിയ വെബ്സൈറ്റ് തുടങ്ങിയത്. ഭാവിയില്‍ ഖത്തറിലേക്കെത്തുന്ന ഭക്ഷ്യവസ്തുക്കളുടെ വിശദവിവരങ്ങള്‍ ഈ വെബ്സൈറ്റില്‍ ലഭിക്കുന്നതായിരിക്കും.
അല്‍ ഫുറൗസിയ സ്ട്രീറ്റില്‍ ഇക്വസ്ട്രിയന്‍ റൗണ്ട്എബൗട്ടില്‍ നിന്ന് അല്‍ ജദീദ് സ്ട്രീറ്റിലേക്കു നീളുന്ന രണ്ടുവരികളില്‍ ഗതാഗത നിരോധനം ഏര്‍പ്പെടുത്തി. അല്‍ ഫുറൗസിയ സ്ട്രീറ്റ് വികസനപദ്ധതിയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ഗതാഗത ക്രമീകരണം അഞ്ചുമാസത്തേക്ക് നീണ്ടുനില്‍ക്കുമെന്ന് അഷ്ഗാല്‍ അറിയിച്ചു.
മിതമായ നിരക്കില്‍ ടാക്സി കാറുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കുന്ന പ്രഥമ സ്വദേശി ആപ്ലിക്കേഷന്‍ ‘ഖത്തര്‍ ടാക്സി’ അല്‍ ദാന കമ്പനി പ്രവര്‍ത്തനമാരംഭിച്ചു. സുരക്ഷിതത്വം, വിശ്വാസ്യത, സ്വകാര്യത, സുരക്ഷിത ഉപയോഗം എന്നിവയാണ് പുതിയ ആപ്ലിക്കേഷന്‍ ഉപഭോക്താക്കള്‍ക്കായി ഉറപ്പുനല്‍കുന്നത്.
ഖത്തറില്‍ പുതിയ അധ്യയന വര്‍ഷത്തേക്കുള്ള സര്‍ക്കാര്‍ സ്കൂളുകളിലെ പ്രവേശന സമയ വിവര പട്ടിക വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. നിലവിലെ സീറ്റുകളേക്കാള്‍ 3000 സീറ്റുകള്‍ കൂടി വര്‍ധിപ്പിച്ചാണ് പുതിയ അധ്യയന വര്‍ഷം തുടങ്ങുന്നത്. മൂന്ന് പുതിയ സ്കൂളുകളും പുതുതായി പ്രവര്‍ത്തനം ആരംഭിക്കും.
വാഹനങ്ങളുടെ പിന്‍ഭാഗത്തെയും വശങ്ങളിലെയും ഗ്ലാസുകളില്‍ നിന്ന് കാഴ്ചയെ മറക്കുന്ന മുഴുവന്‍ സ്റ്റിക്കറുകളും നീക്കം ചെയ്യണമെന്ന് ഗതാഗത ജനറല്‍ ഡയറക്ടറേറ്റ് നിര്‍ദേശിച്ചു. വാഹനങ്ങളുടെ ഗ്ലാസുകളില്‍ സ്റ്റിക്കര്‍ ഒട്ടിക്കുന്നത് ഗതാഗത നിയമത്തിന്റെ ലംഘനമാണ്.