കത്താറയുടെ സമീപം കടലോരത്തോടു ചേര്‍ന്നു മീറാത് റമസാന്‍ എന്നപേരില്‍ ഒന്നരമാസം നീളുന്ന റമസാന്‍ വിപണി തുറന്നു. ജൂണ്‍ 20 വരെ മീറാത് തുറന്നു പ്രവര്‍ത്തിക്കും. രണ്ടാംവര്‍ഷമാണ് കത്താറയില്‍ റമസാന്‍ വിപണി തുറക്കുന്നത്.
ദോഹ മെട്രോയുടെ ആദ്യ സര്‍വീസ് ഈ വര്‍ഷം ഒക്ടോബറില്‍ കമ്മീഷന് ചെയ്യുമെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചു. ഇതിനകം 77 ശതമാനം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞ ദോഹ മെട്രോയുടെ ആദ്യ സര്‍വീസ് ഈ വര്‍ഷം തന്നെ ആരംഭിക്കാനുള്ള ഒരുക്കമാണ് നടന്നു വരുന്നത്.
കത്താറ ബീച്ചിലേക്കുള്ള പ്രവേശനം മെയ് മൂന്ന് മുതല്‍ സൗജന്യമായിരിക്കും. പ്രവേശനം സൗജന്യമായിരുന്നാലും ഇന്‍ഫ്ളേറ്റബിള്‍ ഗെയിമുകള്‍ കളിക്കാന്‍ 50 റിയാലിന്റെ പാസ് എടുക്കണം. ആറുവയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് പാസ് ആവശ്യമില്ല.
ഖത്തറില്‍ തൊഴിലാളികളുടെ സംരക്ഷണത്തിന് വിവിധ പദ്ധതികള്‍ ആരംഭിച്ചു. തൊഴില്‍-സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി ഡോ.ഈസ ബിന്‍ സഅദ് അന്നുഐമി അല്ജഫാലിയാണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്ത് പുതിയ പൊതുശുചിത്വ നിയമം നടപ്പാക്കിയതിനു ശേഷം പിഴയായി ഈടാക്കിയത് 8,18,600 റിയാല്‍. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായാണ് ഇത്രയും പിഴ ഈടാക്കിയത്. 1065 നിയമലംഘനങ്ങളാണ് ഈ മാസങ്ങളില്‍ നഗരസഭാ അധികൃതര്‍ കണ്ടെത്തിയത്.
തൊഴിലാളിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള വിവരങ്ങള്‍ നല്കുന്ന ‘സ്മാര്‍ട് ജാക്കറ്റ്’ ഖത്തറില്‍ അവതരിപ്പിച്ചു. കൂളിങ് സംവിധാനമുള്ള ഹെല്‍മറ്റും, വ്യക്തിയുടെ ആരോഗ്യകാര്യങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ നല്കുന്ന ചിപ്പും അടങ്ങിയ സ്മാര്‍ട് ജാക്കറ്റ് ഡോ. ഇസ്സാ ബിന്‍ സാജ് അല്‍ ജഫാലി അല്‍ നുഐമിയാണ് അവതരിപ്പിച്ചത്.
ലോകത്തിലെ ഏറ്റവും വലിയ കുടിവെള്ള സംഭരണികളുടെ നിര്‍മാണം ഖത്തറില്‍ പുരോഗമിക്കുന്നു. 1,400 കോടി റിയാല്‍ മുതല്‍ മുടക്കില്‍ അഞ്ചു കേന്ദ്രങ്ങളിലായി 15 റിസര്‍വോയറുകളുടെ നിര്‍മാണമാണ് നടന്നു വരുന്നത്.
ഐ.സി.ബി.എഫ് 34ാമത് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നാളെ നടക്കും. ഇന്ത്യന്‍ ബെനവലന്റ്് ഫോറം (ഐ.സി.ബി.എഫ്), ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം, ഖത്തര്‍ ഫൗണ്ടേഷന് എന്നിവയുമായി സഹകരിച്ചാണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്. മുന്‍കൂര്‍ രജിസ്ട്രേഷന് ഇല്ലാതെ തന്നെ ക്യാമ്പില്‍ പങ്കെടുക്കാം.
എല്ലാ സര്‍ക്കാര്‍ സേവനങ്ങളും 2020ഓടെ ഓണ്‍ലൈനില്‍ ലഭ്യമാക്കാനുള്ള ഖത്തര്‍ ഇ-ഗവണ്മെന്റ് പദ്ധതിയുടെ ഭാഗമായി നഗരസഭ പരിസ്ഥിതി മന്ത്രാലയം 300 സേവനങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കാനൊരുങ്ങുന്നു. അഞ്ചുഘട്ടമായി 27 മാസത്തിനുള്ളില്‍ മന്ത്രാലയ സേവനങ്ങളെല്ലാം ഓണ്‍ലൈനില്‍ ലഭ്യമാകുമെന്നു വിവരസേവനവിഭാഗം ഡയറക്ടര്‍ ഹംദ അല്‍ മാദിദ് പറഞ്ഞു.
ഖത്തര്‍ നാഷണല്‍ മ്യൂസിയത്തിന്റെ പുതിയ ലോഗോ പുറത്തിറക്കി. ഖത്തറിനെയും ഖത്തരീ ജനതയെയും തനതായ രീതിയില്‍ വരച്ചുകാട്ടുന്നതാകണം പുതിയ ലോഗോയെന്ന നിര്‍ബന്ധത്തോടെ മാസങ്ങള്‍ നീണ്ട ആശയ ചര്‍ച്ചക്കൊടുവിലാണ് ലോഗോ രൂപകല്‍പ്പന ചെയ്തത്.