മെട്രോയുടെ സ്റ്റേഷന്, ട്രാക്ക് നിര്‍മാണ ജോലികള്‍ 81% തീര്‍ന്നു. യന്ത്രസംവിധാനങ്ങള്‍ സ്ഥാപിക്കുന്നതു 59% പൂര്‍ത്തിയായതായും അധികൃതര്‍ പറഞ്ഞു. റെഡ് ലൈനില്‍ 18 സ്റ്റേഷനുകളാണ് ഉള്ളത്. വടക്ക് ലുസൈലില്‍ നിന്നാരംഭിക്കുന്ന പാത തെക്ക് അല്‍ വക്രയിലാണ് അവസാനിക്കുന്നത്.
പത്തു മിനിട്ടില്‍ കൂടുതല്‍ ഹമദ് വിമാനത്താവളത്തിന്റെ മുമ്പില്‍ അശ്രദ്ധമായി വാഹനം പാര്‍ക്ക് ചെയ്താല്‍ വാഹനം എടുത്തുനീക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചാണ് പുതിയ നടപടി. ഞായറാഴ്ച മുതല്‍ നടപടിക്ക് തുടക്കമായി.
18 വയസ്സിനു മുകളിലുള്ള വനിതകള്‍ക്കു സ്വയം സന്നദ്ധരായി സൈനിക സേവനമനുഷ്ഠിക്കാന്‍ ഖത്തര്‍ അനുമതി നല്കി. അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി അംഗീകാരം നല്കിയ പുതിയ ദേശീയസേവന നിയമത്തിലാണ് ഇതു സംബന്ധിച്ച വ്യവസ്ഥയുള്ളത്. ആദ്യമായാണ് ഖത്തര്‍ സൈനിക സേവനം ചെയ്യാന്‍ വനിതകള്‍ക്ക് അനുമതി നല്‍കുന്നത്.
ജനന സര്‍ട്ടിഫിക്കറ്റ് റജിസ്ട്രേഷനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്ന സമയം പുനഃക്രമീകരിച്ചു. പൊതുജനാരോഗ്യ മന്ത്രാലയമാണ് സമയം പുനഃക്രമീകരിച്ചത്. ഖത്തറില്‍ ആരോഗ്യമന്ത്രാലയത്തിനു കീഴിലാണ് ജനന, മരണ റജിസ്ട്രേഷന് വിഭാഗത്തിന്റെ പ്രവര്‍ത്തനം.
ഖത്തറില്‍ സ്വകാര്യ മെഡിക്കല്‍ സെന്ററുകളിലെ നിരക്കുകള്‍ നിയന്ത്രിക്കാന്‍ ഗവണ്മെന്റ് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. മന്ത്രാലയം നിര്‍ദേശിക്കുന്ന വിലവിവരപ്പട്ടിക അംഗീകരിക്കുന്നവരുടെ ലൈസന്‍സുകള്‍ മാത്രമേ പുതുക്കി നല്കുകയുള്ളൂവെന്ന തീരുമാനമാണ് എടുത്തിരിക്കുന്നത്.
2020 ഓടെ ഖത്തര്‍ ഗവണ്മെന്റിന്റെ മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈന്‍ വഴിയാക്കും. ഖത്തര്‍ ഗതാഗത വാര്‍ത്താവിതരണ മന്ത്രി ജാസിം ബിന്‍ സൈഫ് അല്‍ സുലൈത്തിയാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. സര്‍ക്കാര്‍ സേവനങ്ങള്‍ എളുപ്പത്തില്‍ ജനങ്ങളിലേക്കെത്തിക്കാനുള്ള സ്മാര്‍ട്ട് പദ്ധതി പ്രകാരം നിലവില്‍ ഖത്തറിലെ 2400 സര്‍വീസുകള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാണ്.
ഖത്തറില്‍ 2022 ല്‍ നടക്കുന്ന ഫുട്ബോള്‍ ലോകകപ്പിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന പ്രവാസികള്‍ക്ക് റിക്രൂട്ട്മെന്റ് ഫീസ് ഇനത്തില്‍ വാങ്ങിയ അമ്പതുലക്ഷം ഡോളറോളം വരുന്ന തുക മടക്കി നല്കാന് ഖത്തര്‍ തീരുമാനിച്ചു. രണ്ടുവര്‍ഷത്തിനുള്ളില്‍ തുക കൊടുത്തു തീര്‍ക്കാനാണ് തീരുമാനം.
ഇ റിങ് റോഡില്‍ അല്‍ തുമാമ ഇന്റര്‍സെക്ഷനും അല്‍ മത്താര്‍ സ്ട്രീറ്റിനും ഇടയിലുള്ള പുതിയ കാല്‍നടപ്പാലം അഷ്ഗാല്‍ ഔദ്യോഗികമായി തുറന്നു. പ്രദേശത്തെ താമസക്കാര്‍ക്കു വളരെ പ്രധാനപ്പെട്ട ഇ റിങ് റോഡ് മുറിച്ചുകടക്കാന്‍ സഹായിക്കുന്നതാണ് ഈ കാല്‍നടപ്പാലം.
റെന്റ് എ കാര്‍, ലീമോസിന്‍ ടാക്സി സ്ഥാപനങ്ങള്‍ക്കു വെവ്വേറെ ലൈസന്‍സ് വേണമെന്നു ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയം. രണ്ടുസ്ഥാപനങ്ങളും ഒരുമിച്ചു നടത്തുന്നവര്‍ ആറുമാസത്തിനുള്ളില്‍ രണ്ടിനും പ്രത്യേക ലൈസന്‍സ് നേടണമെന്ന് മന്ത്രാലയം സമൂഹമാധ്യമങ്ങളില്‍ നല്കിയ പരസ്യത്തില്‍ വ്യക്തമാക്കുന്നു.
ഖത്തറില്‍ ഊര്‍ജ്ജ മേഖലയില്‍ വിദേശികളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാന്‍ ഖത്തര്‍ പെട്രോളിയം തീരുമാനിച്ചു. ഊര്‍ജ്ജ മേഖലയില്‍ ഖത്തറിലെ പ്രമുഖ കമ്പനികളുടെ കൂടിയ ഷെയറുകള്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഇനി മുതല്‍ വിദേശികള്‍ക്ക് ലഭിക്കുക.