
ദോഹ: 18 വയസ്സിനു മുകളിലുള്ള വനിതകള്‍ക്കു സ്വയം സന്നദ്ധരായി സൈനിക സേവനമനുഷ്ഠിക്കാന്‍ ഖത്തര്‍ അനുമതി നല്‍കി. അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി അംഗീകാരം നല്‍കിയ പുതിയ ദേശീയസേവന നിയമത്തിലാണ് ഇതു സംബന്ധിച്ച വ്യവസ്ഥയുള്ളത്. ആദ്യമായാണ് ഖത്തര്‍ സൈനിക സേവനം ചെയ്യാന്‍ വനിതകള്‍ക്ക് അനുമതി നല്‍കുന്നത്.
അതേസമയം ഇവര്‍ക്ക് എന്തു ജോലിയാണു നല്‍കുകയെന്നു വ്യക്തമല്ല. വനിതകള്‍ സൈനിക മേഖലയിലെ ഭരണ നിര്‍വഹണ രംഗങ്ങളില്‍ ഇപ്പോള്‍ തന്നെ ജോലി ചെയ്യുന്നുണ്ട്. പുതിയ നിയമപ്രകാരം 18നും 35നും ഇടയിലുള്ള പുരുഷന്‍മാര്‍ നിര്‍ബന്ധമായും സൈനിക സേവനം ചെയ്യണം. മൂന്നു മാസത്തിനുപകരം ഒരു വര്‍ഷമാണു സൈനിക സേവനം അനുഷ്ഠിക്കേണ്ടത്. പുരുഷന്‍മാര്‍ 18 വയസ്സ് പൂര്‍ത്തിയായി 60 ദിവസത്തിനുള്ളില്‍ നിര്‍ബന്ധ സൈനിക സേവനത്തിനുള്ള അപേക്ഷ നല്‍കണം. നിര്‍ബന്ധിത സേവനത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്നവര്‍ക്ക് മൂന്നുവര്‍ഷം വരെ തടവും 50,000 ഖത്തരി റിയാല്‍ വരെ പിഴയും ലഭിക്കാം.
സൈനിക സേവനവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടില്ലാതെ പൊതു- സ്വകാര്യ മേഖലയില്‍ മറ്റു ജോലികള്‍ക്കു നിയമനം ലഭിക്കില്ല. സൈനിക കോളജുകളില്‍നിന്നു ബിരുദം നേടിയവര്‍, സൈനിക സേവനം ചെയ്യാന്‍ ശാരീരിക വിഷമതകള്‍ ഉള്ളവര്‍, കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗമായവര്‍, രക്ഷിതാക്കളുടെ ഒരേയൊരു മകന്‍, ഭാര്യ മരിച്ചതും കുട്ടികളെ നോക്കാന്‍ ചുമതലപ്പെട്ടതുമായ പുരുഷന്‍മാര്‍ എന്നിവരെ നിര്‍ബന്ധിത സൈനിക സേവനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മതിയായ കാരണങ്ങളുള്ളവര്‍ക്കു വ്യവസ്ഥകളോടെ സമയം നീട്ടി നല്‍കുകയും ചെയ്യും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.