Currency

മക്കൾക്ക് സ്കൂൾ തെരെഞ്ഞെടുക്കുമ്പോൾ പ്രവാസി രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്വന്തം ലേഖകൻTuesday, October 25, 2016 3:13 pm

എൻആർഐ രക്ഷിതാക്കൾ തങ്ങളുടെ കുട്ടിയ്ക്കായി സ്കൂൾ തെരെഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

വളരെ പ്രശസ്തമായ ഒരുപാട് ഇന്ത്യൻ സ്കൂളുകൾ വിദേശ രാജ്യങ്ങളിൽ ഇന്ത്യൻ പ്രവാസികളുടെ മക്കൾക്കായി നിലവിലുണ്ട്. വിദ്യാഭ്യാസ രംഗത്തെ മികവ് മാത്രമല്ല, പഠനേതര പ്രവർത്തനങ്ങൾക്ക് കുട്ടികൾക്ക് സാഹചര്യമൊരുക്കുന്ന സ്കൂളുകൾ കൂടിയാകണം അവയെന്ന് രക്ഷിതാക്കൾ എല്ലാവരും ആഗ്രഹിക്കുന്ന കാര്യവുമാണ്. നമുക്ക് നോക്കാം എൻആർഐ രക്ഷിതാക്കൾ തങ്ങളുടെ കുട്ടിയ്ക്കായി സ്കൂൾ തെരെഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന്.

  • ചെലവ് കണക്കാക്കുക

കുട്ടികളുടെ പഠനചെലവിനായി എത്ര രൂപവരെ ചെലവഴിക്കാൻ സാധിക്കും എന്നത് സംബന്ധിച്ചൊരു ധാരണ ആദ്യമുണ്ടാക്കുക. അതിനു ശേഷം തങ്ങളുടെ ബജറ്റിന് ഇണങ്ങുന്ന ഒരു സ്കൂൾ കണ്ടെത്തുക. മിക്ക രക്ഷിതാക്കളുടെയും ധാരണ കൂടുതൽ ഫീസ് നൽകേണ്ടി വരുമ്പോൾ മക്കൾക്ക് ലഭിക്കുന്ന വിദ്യാഭ്യാസനിലവാരവും ഉയർന്നതായിരിക്കും എന്നാണ്. എന്നാൽ എല്ലായിപ്പോഴും അങ്ങനെ ആയിരിക്കില്ലെന്ന സത്യം മനസ്സിലാക്കുക. അതിനാൽ തങ്ങളുടെ പോക്കറ്റിന് താങ്ങുന്ന റ്റ്യൂഷൻ ഫീസ് ഈടാക്കുന്ന സ്കൂൾ തന്നെ തെരെഞ്ഞെടുക്കുക.

  • എവിടെയുള്ള സ്കൂൾ ആണെന്ന കാര്യം പരിഗണിക്കുക

നിങ്ങൾ താമസിക്കുന്ന സ്ഥലത്ത് നിന്നും എത്ര അകലെയാണ് സ്കൂൾ സ്ഥിതിചെയ്യുന്നതെന്ന കാര്യം പരിഗണിക്കുക. ഇത്തരത്തിൽ, കുട്ടികൾക്ക് ദിവസവും സ്കൂളിൽ പോയിവരുവാൻ എത്ര രൂപ ചെലവാകുമെന്ന് കണക്കുകൂട്ടുക.

  • പങ്കാളിയുടെ ഇടപെടൽ ഉറപ്പുവരുത്തുക

കുട്ടികൾക്ക് അനുയോജ്യമായ സ്കൂൾ കണ്ടെത്താനുള്ള തിരച്ചിലിൽ നിങ്ങളുടെ പങ്കാളിയുടെ സാന്നിധ്യം ഉറപ്പ് വരുത്തുക. സ്കൂളുകൾ തെരെഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട മാനദണ്ഡങ്ങൾ ഇരുവർക്കും വ്യത്യസ്ഥമാകാം. രണ്ട് പേരുടെ അഭിപ്രയങ്ങൾക്കും പരിഗണന നൽകുക. പിതാവ് പലപ്പോഴും പഠനമികവിനാകും പ്രാധാന്യം നൽകുക. മാതാവ് ചുറ്റുപാടുകൾക്കും മറ്റും കൂടുതൽ പ്രധാന്യം നൽകിയെന്നിരിക്കും

  • മറ്റു വിദ്യാർത്ഥികളുടെ രക്ഷിതാക്കളുമായി സംസാരിക്കുക

നിങ്ങൾക്ക് യോജിച്ചതെന്ന് തോന്നിയ സ്കൂളുകളുടെ പട്ടിക തയ്യാറാക്കിയ ശേഷം അതത് സ്കൂളുകളിലെ കുട്ടികളുടെ രക്ഷിതാക്കളുമായി സ്കൂളിനെ സംബന്ധിച്ച വിവരങ്ങൾ ചോദിച്ച് മനസ്സിലാക്കുന്നത് ഉചിതമായിരിക്കും. പ്രത്യേകിച്ചും സ്കൂൾ അധികൃതർ വെളിപ്പെടുത്താൻ മടിക്കുന്ന പല കാര്യങ്ങളും ഇത്തരത്തിൽ അറിയാനാകും.

  • കൃത്യമായി കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കുക

ആ സ്കൂൾ എങ്ങനെയുണ്ട് എന്ന് ചോദിക്കുന്നതിന് പകരം എങ്ങനെയാണ് സ്കൂളിലെ പഠനേതര പ്രവർത്തനങ്ങൾ എന്നും എങ്ങനെയാണു അവിടെ അധ്യാപകർ കുട്ടികളെ പഠിപ്പിക്കുന്ന രീതിയെന്നും രക്ഷിതാക്കളുമായി സ്കൂൾ അധികൃതർ ഏത് തരത്തിലുള്ള ബന്ധമാണ് പുലർത്തുന്നതെന്നുമൊക്കെ പ്രത്യേകം ചോദിച്ച് മനസ്സിലാക്കുക.

  • ഒന്നിലധികം രക്ഷിതാക്കളുമയി സംസാരിക്കുക

ഒരു രക്ഷിതാവിന്റെ മാത്രം അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനം കൈക്കൊള്ളാതിരിക്കുക. അറിയാവുന്ന രക്ഷിതാക്കളോടെല്ലാം സ്കൂളിനെ സംബന്ധിച്ച വിവരം ആരായുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x