മനാമ: ബഹ്റൈനില്‍ കോവിഡ് വാക്സീന് ഉപയോഗിക്കാന്‍ അനുമതി. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അടിയന്തിര ഘട്ടങ്ങളില്‍ വാക്സീന് നല്കാന് അനുമതി നല്‍കിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ദുബായില്‍ കോവിഡ് വാക്സീന് സ്വീകരിച്ചു.
യുഎഇക്ക് പിന്നാലെ വാക്സീന് ഉപയോഗിക്കാന്‍ അനുമതി നല്കുന്ന രണ്ടാമത്തെ ഗള്‍ഫ് രാജ്യമാണ് ബഹ്റൈന്‍. ആബുദാബി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ചൈനീസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി സിനോഫാം, അബുദാബി ആസ്ഥാനമായ നിര്‍മിതബുദ്ധി സ്ഥാപനം ഗ്രൂപ്പ് 42 എന്നിവര്‍ ചേര്‍ന്ന് നടത്തുന്ന കോവിഡ് വാക്സീന് പരീക്ഷണത്തിന്റെ മൂന്നാം ഘട്ടം ബഹ്റൈനില്‍ അവസാനിക്കാനിരിക്കെയാണ് ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം.
7700 പേരാണ് ബഹ്റൈനില്‍ വാക്സീന് പരീക്ഷണത്തിന്റെ ഭാഗമായത്. പരീക്ഷണം വിജയകരമായ പശ്ചാത്തലത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അടിയന്തിരഘട്ടങ്ങളില്‍ ഇതേ വാക്സീന് നല്‍കാമെന്ന് ആരോഗ്യവകുപ്പ് മന്ത്രി ഫയേഖാ ബിന്ത് സഈദ് അല്‍ സാലേ അറിയിച്ചു.
യുഎഇ, ബഹ്റൈന്‍, ഈജിപ്ത്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളിലാണ് ചൈനയുടെ സഹകരണത്തോടെയുള്ള വാക്സീന്റെ മൂന്നാം ഘട്ട പരീക്ഷണം നടത്തുന്നത്. സെപ്റ്റംബര്‍ 14 ന് യുഎഇ ആദ്യഘട്ടമായി ആരോഗ്യപ്രവര്‍ത്തകര്‍ക്കും പിന്നീട് അടിയന്തിരഘട്ടങ്ങളിലും വാക്സീന് ഉപയോഗിക്കുന്നതിനും അനുമതി നല്‍കിയിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.