Currency

വിദേശ ഇന്ത്യക്കാർക്കുള്ള എൻ.പി.എസ് അക്കൗണ്ടിനെ കുറിച്ച് അറിയേണ്ട കാര്യങ്ങൾ

സ്വന്തം ലേഖകൻMonday, August 14, 2017 2:03 pm

വിദേശത്തു കഴിയുന്ന ഇന്ത്യക്കാർക്കു നാഷണൽ പെൻഷൻ സിസ്റ്റത്തിന്റെ (എൻ.പി.എസ്) ഭാഗമായി അക്കൗണ്ട് തുടങ്ങാനുള്ള സൗകര്യം ലഭ്യമാണ്. എൻ.പി.എസ് അക്കൗണ്ട് തുടങ്ങുന്നതിലൂടെ ഒരു പ്രവാസിയ്ക്ക് നാട്ടിൽ പെൻഷൻ സമ്പാദ്യമുണ്ടാക്കാനുള്ള സാഹചര്യമാണു ഒരുങ്ങുന്നത്. 

ആർക്കൊക്കെ അക്കൗണ്ട് തുടങ്ങാം?

പതിനെട്ടിനും അറുപതിനും ഇടയിൽ പ്രായമുള്ള വിദേശത്തു കഴിയുന്ന ഇന്ത്യക്കാരിൽ ആർക്കും എൻ.പി.എസ് അക്കൗണ്ട് തുടങ്ങാവുന്നതാണ്. വിദേശ ഇന്ത്യക്കാരൻ നേരിട്ടാണു അക്കൗണ്ട് തുടങ്ങേണ്ടത്. പവർ ഓഫ് അറ്റോർണി ഇക്കാര്യത്തിൽ അനുവദിക്കുന്നതല്ല. 

അപേക്ഷ

പെൻഷൻ തുടങ്ങാനുള്ള അപേക്ഷ പൂരിപിച്ചു നൽകേണ്ടതാണ്. പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്പ്മെന്റ് അഥോററ്റിയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന പോയന്റ് ഓഫ് പ്രെസൻസ് സർവീസ് പ്രൊവൈഡർ(POP-SP)മാരാണ് നാഷണൽ പെൻഷൻ സിസ്റ്റത്തിൽ ചേരാനുള്ള അപേക്ഷ സ്വീകരിക്കുക. നിങ്ങൾക്കു എൻആർഐ/എൻആർഒ അക്കൗണ്ടുള്ള ബാങ്കിൽ തന്നെ അപേക്ഷ നൽകുന്നതാണു അഭികാമ്യം. എല്ലാ POP-SPകളിൽ നിന്നും ഇതിനുള്ള അപേക്ഷ ലഭിക്കും. വിദേശത്തെ വിലാസം, ബന്ധപ്പെടേണ്ട വിവരങ്ങൾ, നാട്ടിലെ സ്ഥിരവിലാസം എന്നീ വിവരങ്ങൾ കൃത്യമായി നൽകണം. വിദേശ ഇന്ത്യക്കാർക്കു പെൻഷൻ ഫണ്ട് മാനേജർ എന്ന സൗകര്യം തെരഞ്ഞെടുക്കാനുള്ള സൗകര്യവുമുണ്ടാകും. 

ആവശ്യമായ രേഖകൾ

എൻ.പി.എസ് അക്കൗണ്ട് തുടങ്ങുന്നതിനായി താഴെ പട്ടികപ്പെടുത്തിയിരിക്കുന്ന രേഖകൾ പി.ഒ.പി ബാങ്കിൽ സമർപ്പിക്കേണ്ടതാണ്.

    • പൂരിപ്പിച്ച അപേക്ഷ
    • പാസ്പോർട്ടിന്റെ പകർപ്പ്
    • വിലാസം തെളിയിക്കുന്ന രേഖ, പാസ്പോർട്ടിലെ വിലാസവും അപേക്ഷയിൽ നൽകിയ വിലാസവും വ്യത്യസ്തമാണെങ്കിൽ

പെൻഷൻ അടവ്

എൻ.ആർ.ഇ അല്ലെങ്കിൽ അല്ലെങ്കിൽ എൻ.ആർ.ഒ അക്കൗണ്ടിൽ നിന്നും എൻ.പി.എസ് അക്കൗണ്ടിലേക്ക് പെൻഷൻ അടങ്കൽ തുക കൈമാറാവുന്നതാണ്. അക്കൗണ്ട് തുടങ്ങുമ്പോൾ ഏറ്റവും കുറഞ്ഞത് 500 രൂപയെങ്കിലും നിക്ഷേപിക്കണം. ഓരോ മാസവും ഏറ്റവും കുറഞ്ഞത് 500 രൂപയും വർഷത്തിൽ 6000 രൂപയും അടയ്ക്കണം.

സ്റ്റാറ്റസ് പരിശോധിക്കാം

എല്ലാ രേഖകളും സമർപ്പിച്ച ശേഷം വിദേശ ഇന്ത്യക്കാർക്കു തങ്ങളുടെ അപേക്ഷയുടെ സ്റ്റാറ്റസ് ഈ ലിങ്കിൽ (https://cra-nsdl.com/CRA/) സന്ദർശിച്ചാൽ അറിയാൻ സാധിക്കും. ഇതിനായി അപേക്ഷ സമർപ്പിക്കുമ്പോൾ POP SPയിൽ നിന്നും ലഭിക്കുന്ന 17 അക്കമുള്ള റെസീറ്റ് നമ്പർ അല്ലെങ്കിൽ CRA-FC നൽകുന്ന അക്നാലിജ്മൻറ്റ് നമ്പർ എന്നിവയിൽ ഏതെങ്കിലും നൽകണം. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x