
കാലിഫോര്‍ണിയ: ലൈവ് ടെലിവിഷന്‍ പരിപാടിക്കിടെ സ്റ്റുഡിയോയിലേക്ക് അപ്രതീക്ഷിതമായി പറന്നു വന്ന പക്ഷിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ താരം. വാര്‍ത്താ അവതരണത്തിനിടെ സ്റ്റുഡിയോയിലേക്ക് പറന്നുവന്ന പക്ഷി അവതാരകയുടെ തലയില്‍ ഇരിക്കുകയായിരുന്നു. പക്ഷേ അവതാരക കുലുങ്ങിയില്ല. എന്നാല്‍ കൂടെയുണ്ടായിരുന്ന അവതാരകന് ചിരി നിയന്ത്രിക്കാനായില്ല. ഇതിന്റെ ദൃശ്യങ്ങള്‍ #birdblooper എന്ന ഹാഷ്ടാഗോടെയാണ് പ്രചരിക്കുന്നത്.
ടെലിവിഷന്‍ ഗോള്‍ഡ് ചാനലിന്റെ ‘സൂ ഡേ’ പ്രഭാതപരിപാടിക്കിടെയായിരുന്നു ഐബിസ് പക്ഷി ന്യൂസ് റൂമിലെത്തി താരമായത്. സാന്‍ ഡിയാഗോ മൃഗശാലയിലെ പക്ഷികളെ പരിചയപ്പെടുത്തുന്ന എപ്പിസോഡായിരുന്നു അത്. ഇടവേളയിലേക്ക് പോയ ശേഷം മടങ്ങിവരാം എന്ന് പറഞ്ഞുകൊണ്ടിരുന്ന അവതാരക നിഷേല മെദീനയുടെ തലയിലേക്ക് നിശ്ചിതസമയത്തിന് മുമ്പ് ഐബിസ് പറന്നുവന്ന് ഇരിക്കുകയായിരുന്നു.
സഹ അവതാരകനായ എറിക് കാന്‍ഹെര്‍ട്ടിന് ആശ്ചര്യം അടക്കാനായില്ല. എന്നാല്‍, ഞെട്ടല്‍ പുറത്ത് കാണിക്കാതെ മെദീന സാഹചര്യത്തെ മനോഹരമായി നേരിട്ടു. രണ്ടു പേരോടും വളരെ ഇണങ്ങിയ രീതിയിലായിരുന്നു ഐബിസിന്റെ പെരുമാറ്റം. മെദീനയുടെ തലയില്‍ നിന്ന് കാന്‍ഹെര്‍ട്ടിന്റെ തലയിലേക്കും പക്ഷി വന്നിരുന്നു. ഇതിലും മികച്ച ആമുഖം സ്വപ്നങ്ങളില്‍ മാത്രമെന്നായിരുന്നു ഐബിസിന്റെ വരവിനെക്കുറിച്ചുള്ള കാന്‍ഹെര്‍ട്ടിന്റെ പ്രതികരണം.
മറ്റൊരു വാര്‍ത്തയ്ക്കിടെ പക്ഷി പറന്നുവന്ന് തലയിലിരുന്നതോടെ അവതാരകര്‍ പക്ഷിയുടെ വിശേഷങ്ങളിലേക്ക് പോകുകയും ചെയ്തു. കെഎഫ്എംബിയുടെ ന്യൂസ് 8 ചാനലിലാണ് അപൂര്‍വ്വയിനം പക്ഷി അതിഥിയായെത്തിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.