
ലണ്ടന്‍: കൊടുങ്കാറ്റിനെ തുടര്‍ന്ന് രൂക്ഷമായ വെള്ളപ്പൊക്കമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ആയിരക്കണക്കിന് പേരെ മാറ്റിപാര്‍പ്പിക്കാന്‍ സൈന്യം രംഗത്തിറങ്ങി. രൂക്ഷമായ വെളളപ്പൊക്കമുണ്ടാകാന് സാധ്യതയുള്ളതിനാല്‍ 11 മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് കാലാവസ്ഥാ വിഭാഗം ഏജന്‍സി അറിയിച്ചു. മൂന്നു മീറ്റര്‍ വരെ സമുദ്രത്തിലെ ജലനിരപ്പുയരാമെന്നും വീടുകളിലെ സാധനസാമ്രഗികള്‍ വെള്ളത്തിനടിയിലാകാമെന്നും മുന്നറിയിപ്പു നല്കുന്ന നോട്ടീസുകള്‍ ആളുകള്‍ക്കിടയില്‍ വിതരണം ചെയ്തിട്ടുണ്ട്.
യുകെയില്‍ കനത്ത ശൈത്യത്തിനു പിന്നാലെയാണ് കൊടുങ്കാറ്റും വെള്ളപ്പൊക്കവും രൂക്ഷമാകുന്നത്. കൊടുങ്കാറ്റിനെ തുടര്‍ന്ന് ശക്തമായ തിരമാലകള്‍ തീരത്തേക്ക് ആഞ്ഞടിക്കുന്നതും സമുദ്രത്തിലെ ജലനിരപ്പുയരുന്നതാണ് വെളളപ്പൊക്കത്തിന് കാരണമാകുന്നത്. ബ്രിട്ടനിലാകമാനം വീശിയടിച്ച ശീതക്കാറ്റിലും മഞ്ഞുവീഴ്ചയിലും ജനജീവിതം ദുരിതപൂര്‍ണമായിരിക്കുകയാണ്. ലണ്ടന്‍ നഗരത്തിലെ പ്രധാന റോഡുകളെല്ലാം ഇന്നലെയും നിശ്ചലമായിരുന്നു.

ഗാട്ട് വിക്ക്, ഹീത്രൂ വിമാനത്താവളങ്ങളില്‍ നിന്നുള്ള ഒട്ടേറെ വിമാനങ്ങള്‍ റദ്ദാക്കി. പല വിമാനത്താവളങ്ങളിലേക്കും റൂട്ട് നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി. രാജ്യത്തിന്റെ തെക്കുകിഴക്കന്‍ പ്രദേശങ്ങളിലും സ്കോട്ട്ലന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലുമായിരുന്നു ശക്തമായ മഞ്ഞുവീഴ്ച. മറ്റിടങ്ങളില്‍ താപനില പൂജ്യത്തിലും താഴെയായെങ്കിലും കാര്യമായ ഹിമപാതം അനുഭവപ്പെട്ടില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.