Currency

‘താങ്ക് യു ഹീറോസ്’: കോവിഡ് പോരാളികള്‍ക്ക് സൗജന്യ യാത്ര; തീയതി നീട്ടി ഖത്തര്‍ എയര്‍വേയ്‌സ്

സ്വന്തം ലേഖകന്‍Tuesday, February 16, 2021 5:27 pm

ദോഹ: കോവിഡ് പോരാളികളായ മുന്‍നിര ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഖത്തര്‍ എയര്‍വേയ്സ് പ്രഖ്യാപിച്ച സൗജന്യ വിമാനടിക്കറ്റിനുള്ള ബുക്കിങ് തീയതി നീട്ടി. 2022 മാര്‍ച്ച് 31 വരെയുള്ള യാത്രയ്ക്കായി 2021 സെപ്റ്റംബര്‍ 30 വരെ ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് ഖത്തര്‍ എയര്‍വേയ്സ് അധികൃതര്‍ ട്വീറ്റില്‍ അറിയിച്ചു. നേരത്തെ 2020 ഡിസംബര്‍ 10 വരെയുള്ള യാത്രയ്ക്കായി നവംബര്‍ 26 വരെയായിരുന്നു ബുക്കിങ് അനുവദിച്ചിരുന്നത്.

ക്യാംപെയ്ന്റെ ഭാഗമായി നേരത്തെ ടിക്കറ്റ് എടുത്തവരില്‍ ഇതുവരെ യാത്രക്ക് കഴിയാതിരുന്നവര്‍ക്ക് ടിക്കറ്റ് ഇനിയും ഉപയോഗിക്കാം. ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള നന്ദി പ്രകടമാക്കിയാണ് ‘താങ്ക് യു ഹീറോസ്’ എന്ന ക്യാംപെയ്നിലൂടെ ആഗോള തലത്തിലുള്ള മുന്‍നിര ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞ മേയില്‍ 1,00,000 സൗജന്യ വിമാനടിക്കറ്റ് പ്രഖ്യാപിച്ചത്. ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് ആദ്യം എന്ന നിലയ്ക്കാണ് ടിക്കറ്റ് ലഭിച്ചത്.

ഒരാള്‍ക്ക് രണ്ട് ഇക്കോണമി ക്ലാസ് റിട്ടേണ്‍ ടിക്കറ്റുകളാണ് ലഭിക്കുന്നത്. രണ്ടില്‍ ഒരു ടിക്കറ്റ് സഹയാത്രികനായി ഉപയോഗിക്കാം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x