Currency

ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് ഒരുക്കിക്കൊടുക്കാത്ത തൊഴിലുടമക്ക് വന്‍ പിഴ

സ്വന്തം ലേഖകന്‍Saturday, November 19, 2016 7:20 am

health insurance

ദുബൈ: ജീവനക്കാര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ് ഒരുക്കിക്കൊടുക്കാത്ത തൊഴിലുടമകള്‍ക്കുമേല്‍ കടുത്ത നടപടികളുമായി ദുബൈ ഹെല്‍ത്ത് അതോറിറ്റി (ഡി.എച്ച്.എ). ഡിസംബറിനകം സമ്പൂര്‍ണ ആരോഗ്യ ഇന്‍ഷൂറന്‍സ് ലക്ഷ്യം സാധ്യമാക്കാത്ത പക്ഷമാണ് തൊഴിലുടമയ്ക്ക് വന്‍തുക പിഴശിക്ഷയടക്കം കടുത്ത നടപടികളള്‍ സ്വീകരിക്കുക. 2013ലെ ആരോഗ്യ ഇന്‍ഷൂറന്‍സ് നിയമം 11 പ്രകാരം ദുബൈ വിസയുള്ള എല്ലാ ആളുകള്‍ക്കും ഈ വര്‍ഷം ജൂണ്‍ 30നകം ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ 12 ശതമാനം ആളുകള്‍ക്ക് ഇനിയും ഇന്‍ഷൂറന്‍സ് സൗകര്യം ലഭിച്ചിട്ടില്ല. തുടര്‍ന്നാണ് ഇവര്‍ക്കു കൂടി ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തുന്നതിന് സമയം അനുവദിച്ചത്.

ഇന്‍ഷൂറന്‍സ് പ്രീമിയത്തേക്കാള്‍ ഉയര്‍ന്ന തുകയാണ് തൊഴിലുടമയില്‍ നിന്ന് പിഴയായി ഈടാക്കുക. ഒരു വ്യക്തിക്ക് വാര്‍ഷിക ഇന്‍ഷൂറന്‍സ് തുക 550 ദിര്‍ഹമാണ്. എന്നാല്‍ ജീവനക്കാര്‍ക്ക് ഈ സൗകര്യം ഏര്‍പ്പെടുത്താന്‍ വീഴ്ച വരുത്തുന്നവര്‍ പ്രതിമാസം 500 ദിര്‍ഹം പിഴയായി നല്‍കേണ്ടി വരും. ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് പ്രീമിയം തുക ഈടാക്കാന്‍ ശ്രമിക്കുന്നതും നിയമവിരുദ്ധമാണ്. തൊഴിലുടമ ഇല്ലാത്ത വ്യക്തികളുടെ ഇന്‍ഷൂറന്‍സ് തുക സ്‌പോണ്‍സര്‍ വഹിക്കണം.

ഡോക്ടര്‍മാരുടെ ഫീസ്, ശസ്ത്രക്രിയ, പ്രസവ ശുശ്രൂഷ, അടിയന്തിര ചികിത്സകള്‍ തുടങ്ങിയ ആരോഗ്യ ആവശ്യങ്ങള്‍ക്കെല്ലാം ഇന്‍ഷൂറന്‍സ് കവറേജ് ലഭിക്കും. ഇന്‍ഷൂറന്‍സ് ഇല്ലാത്ത വീട്ടുജോലിക്കാരില്‍ പലരും അസുഖ ബാധിതരായി വന്‍ തുക ആശുപത്രി ചെലവിനായി കണ്ടെത്തേണ്ടി വന്ന നിരവധി സംഭവങ്ങളുണ്ടാവുന്നുണ്ട്. ആരോഗ്യ പരിരക്ഷ ആര്‍ക്കും നിഷേധിക്കപ്പെടരുത് എന്ന നിര്‍ബന്ധബുദ്ധിയുള്ളതുകൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്. ആശുപത്രികളില്‍ നിന്നു ലഭിക്കുന്ന സേവനങ്ങളില്‍ പരാതിയുള്ളവര്‍ iPROMeS എന്ന പോര്‍ട്ടലില്‍ രേഖപ്പെടുത്തണമെന്നും അനുയോജ്യമായ ഇന്‍ഷൂറന്‍സ് പാക്കേജുകളെക്കുറിച്ച് www.isahd.ae വെബ്‌സൈറ്റില്‍ പൂര്‍ണ വിവരങ്ങള്‍ ലഭ്യമാണെന്നും ഡി.എച്ച്.എ മേധാവി പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x