
റിയാദ്: ടൂറിസ്റ്റ് വിസയില്‍ സൗദിയിലെത്തുന്നവര്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കും. വിനോദ സഞ്ചാരികള്‍ക്ക് സൗദിയിലെ എല്ലാ പ്രവിശ്യകളിലും ചികിത്സ തേടാം. ചികിത്സക്ക് പുറമെ, മൃതദേഹങ്ങള്‍ നാട്ടിലയക്കുന്നതിനും, മൃതദേഹത്തെ അനുഗമിക്കുന്നതിനും ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കും.
ഒരു ലക്ഷം റിയാല്‍ വരെയുള്ള ഇന്‍ഷൂറന്‍സ് പരിരക്ഷയാണ് ടൂറിസ്റ്റ് വിസകളിലെത്തുന്നവര്‍ക്ക് ലഭിക്കുക. ഇതിനായി വിസ ഫീസായ 300 റിയാലിന് പുറമെ 140 റിയാല്‍ അടക്കണം. വിവിധ രോഗങ്ങള്‍ക്കുള്ള ചികിത്സക്ക് പുറമെ, വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട ചികിത്സ, അടിയന്തിര ഘട്ടങ്ങളിലെ ഡയാലിസിസ്, സമയമെത്തുന്നതിന് മുമ്പ് ജനിക്കുന്ന നവജാത ശിശുക്കളുടെ ചികിത്സ, ആംബുലന്‍സ് സേവനങ്ങള്‍ തുടങ്ങിയവക്കും ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കും. ഗര്‍ഭ-പ്രസവ പരിചരണത്തിനും ചികിത്സക്കും 5000 റിയാല്‍ വരെയാണ് പരിരക്ഷ ലഭിക്കുക.
കൂടാതെ മൃതദേഹങ്ങള്‍ നാട്ടിലയക്കുന്നതിന് 10,000 റിയാല്‍ വരെയും, മൃതദേഹത്തെ അനുഗമിക്കുന്ന കുടുംബാംഗത്തിന് 5000 റിയാല്‍ വരെയും ഇന്‍ഷൂറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചികിത്സ തേടുന്നത് ഇന്‍ഷൂറന്‍സ് കമ്പനികള്‍ നിശ്ചയിക്കുന്ന ആശുപത്രികളിലാണെങ്കില്‍ പണമൊന്നും അടക്കേണ്ടതില്ല. എന്നാല്‍ മറ്റു ആശുപത്രികളില്‍ നിന്ന് ചികിത്സ തേടേണ്ടി വന്നാല്‍, പോളിസി വ്യവസ്ഥകള്‍ക്കനുസൃതമായി ഇന്‍ഷൂറന്‍സ് കമ്പനികളില്‍നിന്ന് നഷ്ടപരിഹാരവും ലഭിക്കും. കൗണ്‍സില്‍ ഓഫ് കോ-ഓപ്പറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് അറിയിച്ചതാണ് ഇക്കാര്യം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.