Currency

മസ്‌കത്തില്‍ നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് നടപടികള്‍ അന്തിമഘട്ടത്തില്‍

സ്വന്തം ലേഖകന്‍Wednesday, August 28, 2019 2:53 pm

മസ്‌കത്ത്: സ്വകാര്യ മേഖലയിലെ വിദേശി- സ്വദേശി ജീവനക്കാര്‍ക്കും സന്ദര്‍ശകര്‍ക്കുമായുള്ള നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി (ധമനി) നടപ്പിലാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് കാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി അറിയിച്ചു. പദ്ധതിയുടെ നിയമങ്ങള്‍ സംബന്ധിച്ച അന്തിമഘട്ട ചര്‍ച്ചകള്‍ നിയമകാര്യ മന്ത്രാലയത്തില്‍ നടന്നുവരുകയാണെന്ന് ‘ധമനി’ മേധാവി അഹ്മദ് അല്‍ മഅ്മരി പറഞ്ഞു. നിയമത്തില്‍ തൊഴിലുടമയുടെയും തൊഴിലാളിയുടെയും ഇന്‍ഷുറന്‍സ്, ആരോഗ്യ സ്ഥാപനങ്ങളുടെയുമെല്ലാം പങ്കാളിത്തം സംബന്ധിച്ച നിയമപരമായ ചട്ടക്കൂടുകള്‍ക്ക് രൂപം നല്‍കേണ്ടതുണ്ട്. കമ്പനികളെ വിഭാഗങ്ങളിലായി തിരിച്ചാകും പദ്ധതി നടപ്പാക്കുകയെന്നും അല്‍ മഅ്മരി പറഞ്ഞു.

എക്‌സലന്റ് വിഭാഗത്തിലെ കമ്പനികളിലാകും ആദ്യം നടപ്പാക്കുക. താഴെയുള്ള ഗ്രേഡുകളില്‍ ഘട്ടംഘട്ടമായും നടപ്പില്‍ വരുത്തും. സംരംഭകരില്‍ ഇന്‍ഷുറന്‍സ് മനോഭാവം വളര്‍ത്തിയെടുക്കാന്‍ പുതിയ പദ്ധതി വഴി സാധിക്കുമെന്ന് ദോഫാര്‍ ഗവര്‍ണറേറ്റിലെ ചേംബര്‍ ഓഫ് കോമേഴ്‌സ് ഡെപ്യൂട്ടി ചെയര്‍മാന്‍ ശൈഖ് സാലിം അല്‍ കാഫ് പറഞ്ഞു.

മതിയായ ചികിത്സ ലഭ്യമാക്കുന്നതിന്റെ പ്രാധാന്യം സംബന്ധിച്ച അവബോധം വളര്‍ത്തിയെടുക്കാനും സാധിക്കും. ആരോഗ്യ ഇന്‍ഷുറന്‍സ് മേഖല ക്രമീകരിക്കുന്നതിന് ഒപ്പം സ്വകാര്യ മേഖലയുടെ വളര്‍ച്ചക്കും ‘ധമനി’ സഹായകരമാകുമെന്നാണ് പ്രതീക്ഷയെന്ന് അല്‍ കാഫ് പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x