Currency

ഏകീകൃത ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഗാര്‍ഹിക ജോലിക്കാര്‍ക്കും പരിരക്ഷ; ഭേദഗതി വരുത്തി

സ്വന്തം ലേഖകന്‍Tuesday, December 17, 2019 11:45 am

മസ്‌കത്ത്: ഏകീകൃത ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി ‘ദമാനി’യില്‍ ഗാര്‍ഹിക ജോലിക്കാരെയും ഉള്‍പ്പെടുത്തി ഭേദഗതി വരുത്തി. ഇന്‍ഷുറന്‍സ് പരിധിയില്‍ വീട്ടുജോലിക്കാരും ഉള്‍പ്പെടുന്നതോടെ എംബസികള്‍ നല്‍കുന്ന അടിസ്ഥാന ആനുകൂല്യങ്ങള്‍ക്കു പുറമെ ഉയര്‍ന്ന നിലവാരമുള്ളതും ചെലവ് കുറഞ്ഞതുമായ ആരോഗ്യസംരക്ഷണം തൊഴിലുടമകളില്‍നിന്ന് തൊഴിലാളികള്‍ക്ക് ലഭിക്കും. വിദേശകാര്യ മന്ത്രാലയവുമായി (മോഫ) ബന്ധപ്പെട്ട എംബസികള്‍, അവരുമായി ബന്ധപ്പെടുന്ന വിവിധ സമൂഹങ്ങളുടെ പ്രതിനിധികള്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഇത്തരം ഭേദഗതികള്‍ വരുത്തിയത്.

ആരോഗ്യ ഇന്‍ഷുറന്‍സ് നിയമങ്ങളും സ്റ്റാന്‍ഡേഡ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസിയും തയാറാണെന്നും ഇന്‍ഷുറന്‍സ് കമ്പനികളുടെ നിയമത്തിലെ ചില വ്യവസ്ഥകളില്‍ കരട് ഭേദഗതികളുണ്ടെന്നും പൂര്‍ണമായ അര്‍ഥത്തില്‍ നടപ്പാക്കുന്നതിനായി നിയമനിര്‍മാണ- നിയന്ത്രണ ഘടന നിര്‍ദേശാനുസരണമുള്ള അവസാന ഘട്ടത്തിലാണെന്നും അല്‍ സല്‍മി പറഞ്ഞു. ആരോഗ്യ ഇന്‍ഷുറന്‍സ് ഡേറ്റാബേസും ഔദ്യോഗികമായി ആരംഭിച്ചിട്ടുണ്ട്. ഇന്‍ഷുറന്‍സ് കമ്പനികളെയും ആരോഗ്യ പരിപാലന സ്ഥാപനങ്ങളെയും റെഗുലേറ്റര്‍മാരെയും ബന്ധിപ്പിക്കുന്ന ദമാനിയുടെ ഇലക്ട്രോണിക് പ്ലാറ്റ്ഫോമാണിത്. പോളിസിയുടെ കാലാവധി ദീര്‍ഘകാലത്തേക്കോ അല്ലാത്തപക്ഷം ഒരു കലണ്ടര്‍ വര്‍ഷത്തേക്കോ ആയാണ് ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഇന്‍ഷുര്‍ ചെയ്തയാള്‍ വീട്ടുജോലിക്കാരനാണെങ്കില്‍ കാലാവധി രണ്ടു വര്‍ഷമായിരിക്കണം. ആനുകൂല്യങ്ങളുടെ ഷെഡ്യൂള്‍ അനുസരിച്ച് വീട്ടുജോലിക്കാരുടെ കവറേജില്‍ ജോലിക്കിടെയുള്ള അപകടത്തിനുള്‍പ്പെടെ പരിരക്ഷ ലഭിക്കും. ഇത്തരത്തിലുള്ള ആനുകൂല്യങ്ങള്‍ കിടത്തിച്ചികിത്സ ആവശ്യമാണെങ്കില്‍ 4,000 റിയാലും അല്ലാത്തപക്ഷം ക്ലിനിക്കുകളില്‍ 500 റിയാലുമായി വര്‍ധിപ്പിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x