Currency

സര്‍ക്കസ് പ്രദര്‍ശനത്തിനിടെ സിംഹത്തെ കുതിര തൊഴിച്ചു, സിംഹവും കടുവയും ചേര്‍ന്ന് കുതിരയെ ആക്രമിച്ചു, വീഡിയോ

സ്വന്തം ലേഖകന്‍Saturday, January 20, 2018 3:42 pm
Play

 

സര്‍ക്കസ് പ്രദര്‍ശനത്തിനിടയില്‍ സിംഹവും കടുവയും ചേര്‍ന്ന് കുതിരയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. സര്‍ക്കസ് റിങ്ങില്‍ പ്രകടനം നടത്തുകയായിരുന്ന കുതിരയുടെ പിന്നാലെയെത്തിയ കടുവയും സിംഹവുമാണ് കുതിരയെ ആക്രമിച്ചത്. റിങ്ങിനു ചുറ്റും ഓടിക്കൊണ്ടിരുന്ന കുതിരയുടെ പിന്നാലെയെത്തിയ സിംഹത്തെ കുതിര തൊഴിച്ചതോടെയാണ് പ്രശ്നങ്ങള്‍ക്കു തുടക്കം കുറിച്ചത്. പകരത്തിനു പകരം എന്ന മട്ടില്‍ സിംഹം ഉടന്‍തന്നെ കുതിരയെ ചാടിവീണു കടിച്ചു. ഇതുകണ്ടു നിന്ന കടുവയും ഓടിവന്ന് കുതിരയെ ആക്രമിക്കുകയായിരുന്നു.

ചൈനയിലെ തേയാങ് സര്‍ക്കസ് കൂടാരത്തിലാണ് ദാരുണ സംഭവങ്ങള്‍ അരങ്ങേറിയത്. അതേസമയം മൃഗങ്ങള്‍ തമ്മിലുള്ള സഹകരണമില്ലായ്മയാണ് പ്രശ്നങ്ങള്‍ക്കു തുടക്കമിട്ടതെന്ന് സര്‍ക്കസ് പ്രതിനിധി വ്യക്തമാക്കി. സര്‍ക്കസ് റിങ്ങിനു ചുറ്റും ആക്രമണത്തില്‍ നിന്നും രക്ഷപെടാനായി ഓടുന്ന കുതിരയെയാണ് ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുക. ജീവനക്കാര്‍ പലതവണ വടിയുപയോഗിച്ച് അടിച്ചും ഒച്ചവച്ചും മൃഗങ്ങളെ തുരത്താന്‍ ശ്രമിച്ചെങ്കിലും പിടിവിടാന്‍ തയാറാകാതെ ഇവ കുതിരയുടെ ശരീരത്തില്‍ കടിച്ചുതൂങ്ങിക്കിടക്കുകയായിരുന്നു.

ഏകദേശം അഞ്ച് മിനിട്ടോളം കുതിര കടിച്ചു തൂങ്ങിക്കിടക്കുന്ന ഈ മൃഗങ്ങളേയും വലിച്ചുകൊണ്ട് റിങ്ങിലൂടെ ഓടി. ഏറെനേരത്തെ പരിശ്രമത്തിനു ശേഷമാണ് മൃഗങ്ങളുടെ പിടിയില്‍ നിന്ന് കുതിര രക്ഷപെട്ടത്. കുതിരയുടെ പരിക്കുകള്‍ ഗുരുതരമല്ലെന്നും കുതിര സുഖം പ്രാപിച്ചു വരുന്നതായും സര്‍ക്കസ് വൃത്തങ്ങള്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x