Currency

ധനികനാകാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ശീലമാക്കൂ ഈ കാര്യങ്ങൾ…

സ്വന്തം ലേഖകൻSunday, October 23, 2016 7:50 am

നമ്മുടെ ദൈനംദിന ജീവിതത്തിലെ ശീലങ്ങളിൽ വരുത്തുന്ന ചെരുതായ മാറ്റങ്ങൾ പോലും സമ്പത്ത് വർധിക്കാൻ കാരണമായേക്കും. അവ എന്തൊക്കെയാണെന്ന് നോക്കാം...

ധനികനാകാൻ ആഗ്രഹിക്കാത്ത ആരെങ്കിലും ഉണ്ടാകുമോ? ഇല്ലെന്ന് തന്നെ പറയാം. ഏതൊരു സാധാരണക്കാരനും ധനികനാകാവുന്നതാണ്. അൽപ്പം ശ്രദ്ധ കാണിച്ചാൽ മാത്രം മതിയെന്ന് മാത്രം. നമ്മുടെ ദൈനംദിന ജീവിതത്തിലെ ശീലങ്ങളിൽ വരുത്തുന്ന ചെരുതായ മാറ്റങ്ങൾ പോലും നമ്മൂടെ സമ്പത്ത് വർധിക്കാൻ കാരണമായേക്കും. അവ എന്തൊക്കെയാണെന്ന് നോക്കാം…

ശമ്പളത്തിനൊപ്പം മറ്റു വരുമാനങ്ങൾ കണ്ടെത്തുക

ശമ്പളത്തിലൂടെയുള്ള വരുമാനം മാത്രം ആശ്രയിച്ച് ജീവിക്കാതിരിക്കുക. മ്യൂച്ചല്‍ഫണ്ട്, ഡിവിഡന്റ് നിക്ഷേപങ്ങള്‍ ആരംഭിക്കുക. വീടോ കടമുറികളോ ഉണ്ടെങ്കിൽ അവ വാടകയ്ക്ക് നൽകി കൂടുതൽ വരുമാനം കണ്ടെത്തുക. ലാഭകരമായ ബിസിനസുകളിൽ നിക്ഷേപം നടത്തുക.

മൂല്യം കൂടുമ്പോൾ ഓഹരി വിൽക്കുക

ഓഹരിനിക്ഷേപത്തില്‍ മൂല്യം മാറിമറിയുന്ന സാഹചര്യങ്ങൾ നോക്കി ഓഹരി വാങ്ങുകയോ വില്‍ക്കുകയോ ചെയ്യേണ്ടത് അപ്പോള്‍ത്തന്നെ ചെയ്യുക. കഴിയുന്നതും ഇക്കാര്യം മാറ്റി വെക്കാതിരിക്കുക

ലക്ഷ്യങ്ങൾ നിർണ്ണയിക്കുക

ഒരു മാസം കൊണ്ട് എത്ര രൂപ സമ്പാദിക്കണം, ഒരു വർഷം കൊണ്ട് സമ്പാദ്യം എത്ര രൂപയായി ഉയർത്തണം തുടങ്ങിയ കാര്യങ്ങൾ ലക്ഷ്യമായി കണക്കാക്കുക. ഈ കാര്യങ്ങൾ ഓരോ മാസാവസാനവും വർഷാവസാനവും വിലയിരുത്തുക.

പാഴ്ചെലവുകൾ കുറയ്ക്കുക

കൂടുതൽ സമ്പാദിക്കണം എന്നുള്ളവർ അനാവശ്യ ചെലവുകൾ കുറയ്ക്കേണ്ടത് തന്നെയാണ്. പുറത്ത് പോയി ഭക്ഷണം കഴിക്കാതിരിക്കുക. എന്തെങ്കിലും സാധനം വാങ്ങുമ്പോൾ അവയില്ലാതെയും ജീവിക്കാമോ എന്ന കാര്യം ആലോചിക്കുക. ഇത് അനാവശ്യ ഷോപ്പിംഗുകൾ ഇല്ലാതാക്കാൻ ഉപകരിക്കും. വീട്ടിലേക്കുള്ള സാധനങ്ങൾ ലാഭകരമായി ലഭിക്കുന്ന സ്ഥലത്ത് നിന്നും വാങ്ങുക.

ആദായനികുതിയെ സംബന്ധിച്ച ധാരണയുണ്ടാക്കുക

ആദായനികുതിയുടെ പരിധിയില്‍ വരാതെയുള്ള സമ്പാദ്യമാര്‍ഗങ്ങള്‍ വേണം സ്വീകരിക്കാൻ. അല്ലെങ്കില്‍ ചിലപ്പോൾ വന്‍ തുക നികുതിയായി അടയ്ക്കേണ്ടി വന്നേക്കുമെന്ന കാര്യം മനസ്സിലാക്കുക.

ബിസിനസ് തുടങ്ങുക

സ്വന്തം ജോലി നിലനിർത്തിക്കൊണ്ട്, മറ്റു ബിസിനസുകൾ തുടങ്ങുക. നിങ്ങൾക്ക് സമയമില്ലാത്ത പക്ഷം വിശ്വസ്തരായ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ അവയുടെ നോക്കിനടപ്പ് ഏൽപ്പിക്കുക. എങ്കിലും നിയന്ത്രണം നിങ്ങളിൽ തന്നെ ആയിരിക്കണം. അല്ലെങ്കിൽ വിശ്വസ്തരായ ആളുകൾ നടത്തുന്ന ബിസിനസുകളിൽ പങ്കാളികളാകുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x