
ഒമാന്‍: രണ്ട് തസ്തികകളില്‍ കൂടി ഒമാന്‍ വിസാ വിലക്ക് ഏര്‍പ്പെടുത്തി. സെയില്‍സ് റെപ്രസെന്റേറ്റീവ്, പര്‍ച്ചേഴ്സസ് റെപ്രസെന്റേറ്റീവ് തസ്തികകളിലാണ് പുതുതായി വിദേശികളെ ജോലിക്കെടുക്കുന്നതിന് നിരോധനമേര്‍പ്പെടുത്തിയത്. വിസാ വിലക്ക് ഏര്‍പ്പെടുത്തിയ തസ്തികകളില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് നിലവിലെ വിസാ കാലാവധി കഴിയുന്നത് വരെ ജോലിയില്‍ തുടരാം. ശേഷം വിസ പുതുക്കി നല്‍കുന്നതല്ലെന്നും ഉത്തരവില്‍ പറയുന്നു.
മാനവ വിഭവശേഷിവകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ അബ്ദുല്ല അല്‍ ബക്രി പുറപ്പെടുവിച്ച ഉത്തരവില്‍ ആണ് രണ്ട് തസ്തികകളില്‍ കൂടി വിസാ വിലക്ക് ഏര്‍പ്പെടുത്തിയത്. സ്വദേശിവത്കരണം വ്യാപകമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. സ്വകാര്യ സ്ഥാപനങ്ങളിലെ മാനേജീരിയല്‍, അഡ്മിനിസ്ട്രേറ്റീവ്, ക്ലറിക്കല്‍ തസ്തികകളില്‍ പുതിയ വിസ അനുവദിക്കുന്നതിന് കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
അസി.ജനറല്‍ മാനേജര്‍, അഡ്മിനിസ്ട്രേഷന് മാനേജര്‍, ഹ്യൂമന്‍ റിസോഴ്സസ് മാനേജര്‍, എംപ്ലോയി അഫെയേഴ്സ് മാനേജര്‍, ട്രെയ്നിങ് മാനേജര്‍, പബ്ലിക് റിലേഷന്‍സ് മാനേജര്‍, ഫോളോ അപ് മാനേജര്‍, അസി.മാനേജര്‍, അഡ്മിനിസ്ട്രേറ്റീവ്, ക്ലറിക്കല്‍ തസ്തികകളിലാണ് വിലക്ക് ബാധകം. ഈ തസ്തികകളിലും നിലവില്‍ ജോലി ചെയ്യുന്നവര്‍ക്ക് വിസാ കാലാവധി കഴിയുന്നത് വരെ ജോലിയില്‍ തുടരാം. ശേഷം വിസ പുതുക്കി നല്‍കുന്നതല്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.