Currency

തീപിടിച്ച 23 നില കെട്ടിടത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന യുവാവ്; ജീവിതത്തിനും മരണത്തിനുമിടയില്‍ നിന്നയാള്‍ ചെയ്തത്, വീഡിയോ

സ്വന്തം ലേഖകന്‍Monday, December 18, 2017 7:44 am
Play

 

തീപിടിച്ച ഫ്‌ലാറ്റില്‍ നിന്ന് രക്ഷപ്പെടുന്ന യുവാവിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി. 23 നില കെട്ടിടത്തിലെ ഒരു അപ്പാര്‍ട്ട്മെന്റിന് തീപിടിച്ചതോടെ രക്ഷപ്പെടാനായി തൊട്ടുതാഴെയുള്ള ബാല്‍ക്കണിയില്‍ തൂങ്ങിപിടിച്ചു നില്‍ക്കുന്ന യുവാവിന്റെ വീഡിയോയാണ് വൈറലാകുന്നത്. ചൈനയിലെ ഷോങ്ക്വിങ് നഗരത്തിലാണ് സംഭവം. ഡിസംബര്‍ 13നാണ് സംഭവം നടന്നത്.

ഫ്‌ലാറ്റില്‍ അപ്രതീക്ഷിതമായി തീ പടര്‍ന്നപ്പോള്‍ യുവാവ് കെട്ടിടത്തിനകത്ത് കുടുങ്ങുകയായിരുന്നു. 22-ാം നിലയിലെ ഫ്‌ലാറ്റില്‍ നിന്ന് ജനല്‍ വഴി പുറത്തേക്കിറങ്ങുന്നതിനിടെ മുകള്‍ നില പൂര്‍ണമായി കത്തിയമര്‍ന്നു. രക്ഷപ്പെടാനുള്ള വഴികളെല്ലാം ഓരോന്നോരോന്നായി അടഞ്ഞതോടെ ജീവിതത്തിനും മരണത്തിനുമിടയിലെ നൂല്‍പ്പാലത്തിലായി യുവാവിന്റെ ജീവിതം. തീ നാളങ്ങള്‍ക്ക് മുന്നിലും അയാള്‍ മനസാന്നിധ്യം കൈവിട്ടില്ല. തീക്കനലുകള്‍ ദേഹത്ത് വീണിട്ടും ബാല്‍കണിയിലെ പിടിവിട്ടില്ല.

കെട്ടിടത്തില്‍ തീ ആളിപ്പടര്‍ന്നപ്പോഴും ബാല്‍കണിയില്‍ തൂങ്ങിനിന്ന യുവാവ് തൂങ്ങിനില്‍ക്കുന്ന ഭാഗത്തെ ഗ്ലാസ് തകര്‍ക്കാനുള്ള ശ്രമത്തിലായിരുന്നു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങളും തീപ്പൊരികളും ഇയാള്‍ക്കടുത്ത് അടര്‍ന്നു വീഴുന്നത് വീഡിയോയില്‍ കാണാം. പിന്നീട് അഗ്‌നിശമനസേന സ്ഥലത്തെത്തി ഗ്ലാസ് തകര്‍ത്ത് ഇയാളെ രക്ഷിച്ചു.

മരണമുഖത്തുനിന്ന് അത്ഭുതകരമായി തിരിച്ചുവന്ന യുവാവിനെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് സോഷ്യല്‍ മീഡിയ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x