Currency

ലണ്ടനില്‍ നിന്ന് ന്യൂയോര്‍ക്കിലെത്താന്‍ മൂന്നേകാല്‍ മണിക്കൂര്‍; സൂപ്പര്‍സോണിക് ജെറ്റ് വരുന്നു

സ്വന്തം ലേഖകന്‍Monday, January 2, 2017 1:30 pm

ലണ്ടന്‍: ലണ്ടനില്‍ നിന്ന് ന്യൂയോര്‍ക്കില്‍ മൂന്നേകാല്‍ മണിക്കൂര്‍കൊണ്ട് എത്താന്‍ കഴിയുന്ന വേഗതയുള്ള വിമാനം അവതരിപ്പിച്ചു. എക്‌സ്ബി1 എന്ന വിമാനത്തിന് ബേബി ബൂം എന്നാണ് വിളിപ്പേരി. ഇതിന്റെ പ്രോട്ടോടൈപ്പ് സര്‍ റിച്ചാര്‍ഡ് ബ്രാന്‍സണ്‍ ആണ് അവതരിപ്പിച്ചത്. 2023ല്‍ വിമാനം ആദ്യ സര്‍വീസ് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏറ്റവും വേഗം കൂടിയ സൂപ്പര്‍സോണിക് യാത്രാവിമാനമായിരുന്ന കോണ്‍കോര്‍ഡിനേക്കാള്‍ വേഗമുള്ള വിമാനമാണ് അവതരിപ്പിച്ചിരിക്കുന്നത്.

ലണ്ടന്‍ ന്യൂയോര്‍ക്ക് റൂട്ടില്‍ ഒരു ദിശയിലേക്ക് 2500 പൗണ്ട് ആയിരിക്കും ടിക്കറ്റ് നിരക്ക്. 2.2 മാക് ആണ് വിമാനത്തിന്റെ ശരാശരി വേഗത. അതായത് മണിക്കൂറില്‍ 1451 മൈല്‍. കോണ്‍കോര്‍ഡ് വിമാനങ്ങള്‍ക്ക് 2 മാക് ആയിരുന്നു വേഗത. സാധാരണ വിമാനങ്ങളെക്കാള്‍ 2.6 മടങ്ങ് അധിക വേഗതയിലായിരുന്നു കോണ്‍കോര്‍ഡ് സഞ്ചരിച്ചിരുന്നത്. ബേബി ബൂം കോണ്‍കോര്‍ഡിന്റെ വേഗതയുടെ 10 ശതമാനം അധികം വേഗത കൈവരിക്കും. ശബ്ദ വേഗത അളക്കുന്ന യൂണിറ്റാണ് മാക് 1.

വിര്‍ജിന്‍ ഗലാക്റ്റിക് ഇപ്പോള്‍ അതിവേഗ വിമാനങ്ങളുടെയും ബഹിരാകാശ വാഹനങ്ങളുടെയും ഗവേഷണത്തിനാണ് പ്രാമുഖ്യം നല്‍കുന്നതെന്ന് റിച്ചാര്‍ഡ് ബ്രാന്‍സണ്‍ പറഞ്ഞു. ബൂം എന്ന കമ്പനിയുമായി ചേര്‍ന്നാണ് സൂപ്പര്‍സോണിക് വിമാനങ്ങള്‍ വിര്‍ജിന്‍ നിര്‍മിക്കുന്നത്. ബോയിംഗ്, ലോക്ക്ഹീഡ് മാര്‍ട്ടിന്‍ എന്നീ കമ്പനികളും സൂപ്പര്‍സോണിക് അതിവേഗ വിമാനങ്ങളുടെ നിര്‍മാണത്തിനായുള്ള പരിശ്രമത്തിലാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x