Currency

കോവിഡ് 19: ഹോം ക്വാറന്റൈന്‍ വ്യവസ്ഥ ലംഘിച്ചു; ഖത്തറില്‍ പത്ത് പേര്‍ അറസ്റ്റില്‍

സ്വന്തം ലേഖകന്‍Saturday, March 21, 2020 10:28 am
isolation

ദോഹ: കോവിഡ് രോഗ പ്രതിരോധ നടപടികളുടെ ഭാഗമായി ഹോം ക്വാറന്റൈനില്‍ കഴിയവെ വ്യവസ്ഥകള്‍ ലംഘിച്ച കുറ്റത്തിന് ഖത്തറില്‍ പത്ത് പേരെ അറസ്റ്റ് ചെയ്തു. ഖത്തര്‍ ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. പത്ത് പേരും ഖത്തരി പൗരന്മാരാണ്

കോവിഡ് രോഗപ്പകര്‍ച്ച ആരംഭിച്ചതിന് പിന്നാലെ വിവിധ രാജ്യങ്ങളില്‍ നിന്നായി ഖത്തറിലെത്തിയ സ്വദേശികളുള്‍പ്പെടെയുള്ളവര്‍ പതിനാല് ദിവസത്തേക്ക് ക്വാറന്റൈനില്‍ കഴിയണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. സര്‍ക്കാരിന്റെ ക്വാറന്റൈന്‍ സെന്ററുകളിലോ അല്ലെങ്കില്‍ വ്യക്തിയുടെ താല്‍പ്പര്യം പരിഗണിച്ച് സ്വന്തം വീട്ടിലോ ക്വാറന്റൈനില്‍ കഴിയാം. എന്നാല്‍ വീട്ടില്‍ ക്വാറന്റൈനില്‍ കഴിയണമെങ്കില്‍ പ്രത്യേക വ്യവസ്ഥകള്‍ ഉള്‍പ്പെട്ട പ്രതിജ്ഞാ പത്രം ഒപ്പിട്ടുനല്‍കണം. ഈ പ്രതിജ്ഞകള്‍ തെറ്റിച്ചുവെന്ന കുറ്റം ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരെ തുടര്‍നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്നും അധികൃതര്‍ അറിയിച്ചു

സാംക്രമിക രോഗങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ട നിയമം നമ്പര്‍ 11/1990, സാമൂഹ്യ സംരക്ഷണവുമായി ബന്ധപ്പെട്ട നിയമം നമ്പര്‍ 17/2002 എന്നിവ അനുസരിച്ച് ഇത്തരം പ്രവര്‍ത്തനങ്ങള്‍ കുറ്റകരമാണെന്നും, ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x