Currency

ഖത്തര്‍ മേല്‍വിലാസ രജിസ്‌ട്രേഷന്‍; സേവന കേന്ദ്രങ്ങള്‍ വാരാന്ത്യ അവധി ദിനങ്ങളിലും പ്രവര്‍ത്തിക്കും

സ്വന്തം ലേഖകന്‍Thursday, July 23, 2020 4:13 pm

ദോഹ: ദേശീയ മേല്‍വിലാസ രജിസ്‌ട്രേഷന്‍ സേവന കേന്ദ്രങ്ങള്‍ വരുന്ന വാരാന്ത്യ അവധി ദിനങ്ങളിലും പ്രവര്‍ത്തിക്കും. ജനുവരി 27 മുതല്‍ ജൂലൈ 26 വരെയുള്ള ആറ് മാസത്തെ സമയപരിധിയാണ് ദേശീയ മേല്‍വിലാസ രജിസ്‌ട്രേഷന്‍ പൂര്‍ത്തികരിക്കുന്നതിനായി സ്വദേശികള്‍ക്കും വിദേശികള്‍ക്കും നല്‍കിയിരുന്നത്. ഈ കാലാവധി വരുന്ന ഞായറാഴ്ച്ച അവസാനിക്കാനിരിക്കെയാണ് ഇനിയും രജിസ്റ്റര്‍ ചെയ്യാത്തവരെ സഹായിക്കുന്നതിനായി വരുന്ന വാരാന്ത്യ അവധി ദിനങ്ങളില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ സേവന കേന്ദ്രങ്ങള്‍ തുറന്നിടുന്നത്.

മിസൈമീര്‍, അല്‍ വക്ര, അല്‍ റയ്യാന്‍, ഇന്‍ഡസ്ട്രിയല്‍ ഏരിയ, ഒനൈസ, അല്‍ ഷഹാനിയ, അല്‍ ദായേന്‍, അല്‍ ഖോര്‍, ഷമാല്‍, ഉം സലാല്‍ എന്നീ പ്രധാന ഭാഗങ്ങളിലെ എം.ഒ.ഐ ഓഫീസുകളാണ് വെള്ളി, ശനി ദിവസങ്ങളിലും തുറന്നുപ്രവര്‍ത്തിക്കുക. ഈ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി ജനങ്ങള്‍ക്ക് മേല്‍വിലാസ രജിസ്‌ട്രേഷന്‍ നടത്താം. രാവിലെ എട്ട് മുതല്‍ 12 മണിവരെയാണ് ഓഫീസുകള്‍ പ്രവര്‍ത്തിക്കുക. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ്, മെട്രാഷ് ടു ആപ്പ് തുടങ്ങിയവ വഴി ഓണ്‍ലൈനായും രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കാം.

ഈ ആറ് മാസത്തിനകം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാത്തവര്‍ക്ക് പതിനായിരം ഖത്തരി റിയാല്‍ പിഴ ഈടാക്കും. രജിസ്‌ട്രേഷന്‍ ഫോമില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയാലും പതിനായിരം റിയാലാണ് പിഴ. അഡ്രസ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാത്തവരുടെ വിസ പുതുക്കിനല്‍കില്ലെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

കോവിഡ് നിയന്ത്രണങ്ങള്‍ കാരണം നാട്ടില്‍ കുടുങ്ങിയ ഖത്തറിവിസയുള്ളവര്‍, പഠനത്തിനും ചികിത്സയ്ക്കുമായി വിദേശങ്ങളിലുള്ളവര്‍ എന്നി വിഭാഗക്കാര്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. ഇത്തരക്കാര്‍ തിരിച്ചെത്തുന്ന മുറയ്ക്ക് മതിയായ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയാല്‍ പിഴ കൂടാതെ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കാം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x