Currency

സംസ്ഥാനത്തെ 1000 പൊതുസ്ഥലങ്ങളില്‍ സൗജന്യ വൈഫൈ

സ്വന്തം ലേഖകന്‍Thursday, January 5, 2017 3:04 pm

തിരുവനന്തപുരം: സംസ്ഥാനത്തെ 1000 പൊതുസ്ഥലങ്ങളില്‍ 10 മെഗാബൈറ്റ് (സെക്കന്‍ഡില്‍) വേഗത്തില്‍ സൗജന്യ വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ ലഭ്യമാക്കുന്നു. 105 കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡുകളിലടക്കമാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒരേസമയം 300 പേര്‍ക്ക് ഉപയോഗിക്കാവുന്ന രീതിയിലാണ് ഓരോ യൂനിറ്റും ക്രമീകരിക്കുക. ഓരോ ഹോട്ട്‌സ്‌പോട്ടില്‍ നിന്നും 300 മീറ്റര്‍ പരിധിയിലാണ് ഇന്റര്‍നെറ്റ് സേവനം ലഭ്യമാകുന്നത്. ഉപഭോക്താക്കളുടെ എണ്ണം കൂടുന്നതനുസരിച്ച് വേഗം കുറയുന്ന ഗാര്‍ഹിക ഇന്റര്‍നെറ്റ് കണക്ഷനുകളില്‍ നിന്ന് വ്യത്യസ്തമായി എല്ലാവര്‍ക്കും ഒരേ വേഗത്തില്‍ ലഭ്യമാക്കുന്ന ഡെഡിക്കേറ്റഡ് കണക്ഷനുകളാണ് നിര്‍ദേശിച്ചിട്ടുള്ളത്.

ആകെ 25 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയില്‍ ഓരോ യൂനിറ്റിനായും നീക്കിവെക്കുന്നത് 2.5 ലക്ഷം രൂപയാണ്. ഇതുസംബന്ധിച്ച് കേരള സ്റ്റേറ്റ് ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (കെ.എസ്.ഐ.ടി.ഐ.എല്‍) റിപ്പോര്‍ട്ട് സര്‍ക്കാറിന്റെ സജീവ പരിഗണനയിലാണ്. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡുകളില്‍ സംവിധാനം എത്തുന്നതോടെ സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളെല്ലാം ഇന്റര്‍നെറ്റ് പരിധിയില്‍ വരും.

ഇതിനുപുറമേ ലൈബ്രറി കൗണ്‍സിലിന് കീഴിലുള്ള എല്ലാ എ ഗ്രേഡ് ഗ്രന്ഥശാലകളിലും ഹോട്ട്‌സ്‌പോട്ടുകള്‍ സ്ഥാപിക്കാനാണ് ആലോചന. ഇത്തരത്തില്‍ 850 ഓളം ലൈബ്രറികളുണ്ടെന്നാണ് കണക്ക്. റെയില്‍വേസ്റ്റേഷനുകളില്‍ സൗജന്യ ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടിരുന്നെങ്കിലും റെയില്‍വേ സ്വന്തംനിലക്ക് പദ്ധതി ആരംഭിച്ചതോടെ ഇതുപേക്ഷിച്ചു. പരിധിയില്ലാത്ത ലഭ്യതയാണ് ഉദ്ദേശിക്കുന്നതെങ്കിലും ദുരുപയോഗവും അനാവശ്യ ഡൗണ്‍ലോഡിങ്ങും തടയാനുള്ള ക്രമീകരണമുണ്ടാകും. സുരക്ഷ മുന്‍നിര്‍ത്തി ഉപയോഗിക്കുന്ന സൈറ്റുകളുടെ വിവരങ്ങള്‍ ഐ.പി അഡ്രസ് സഹിതം ആവശ്യമെങ്കില്‍ ലഭ്യമാക്കാനുള്ള ക്രമീകരണവും അനുബന്ധമായി ഉണ്ടാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x