
ദോഹ: ഖത്തറില്‍ ജയിലില്‍ കഴിയുന്ന രണ്ടു ഇന്ത്യക്കാരുടെ വധശിക്ഷ സുപ്രീം കോടതി ശരി വെച്ചു. മറ്റൊരു പ്രതിക്ക് പതിനഞ്ചു വര്‍ഷത്തെ ജീവ പര്യന്തം ശിക്ഷയും വിധിച്ചു. തമിഴ്നാട് സ്വദേശികളായ ചെല്ലാ ദുരൈ പെരുമാള്‍, അളഗപ്പ സുബ്രമണ്യം എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചത്. കേസിലെ മറ്റൊരു പ്രതിയായ ശിവകുമാറിനാണ് ജീവപര്യന്തം ശിക്ഷ ലഭിക്കുക. 2012 റമദാനിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. സലാതയിലെ വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ഖത്തര്‍ സ്വദേശിനിയായ വൃദ്ധയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതികള്‍ മോഷണ ശ്രമത്തിനിടെ കൊലപാതകം നടത്തിയതായാണ് പ്രോസിക്യൂഷന് കണ്ടെത്തിയത്.
വൃദ്ധയുടെ വീടിനടുത്തു തന്നെയുള്ള ലേബര്‍ കാമ്പിലായിരുന്നു മൂന്നു പ്രതികളും താമസിച്ചിരുന്നത്. വീട്ടു വേലക്കാരിയുടെ സഹായത്തോടെ ദിവസങ്ങള്‍ക്കു ശേഷം പോലീസ് പ്രതികളെ തിരിച്ചറിയുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. എന്നാല്‍ സംഭവത്തില്‍ സംശയാസ്പദമായ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യന്‍ എംബസി വിഷയത്തില്‍ ഇടപെടുകയും പ്രതികള്‍ക്ക് നിയമസഹായം നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.
അതേസമയം കഴിഞ്ഞ മെയ് 20നു തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെയുള്ള കുറ്റം സ്ഥിരീകരിച്ച അപ്പീല്‍ കോടതി പ്രതികള്‍ വധശിക്ഷക്ക് അര്‍ഹരാണെന്നും ഉത്തരവിട്ടിരുന്നു. തുടര്‍ന്നാണ് വിഷയം സുപ്രീം കോടതിയിലേക്ക് എത്തിയത്. നിയമ വിദഗ്ധരുമായി ആലോചിച്ച ശേഷം പ്രതികളെ രക്ഷിക്കാനാവശ്യമായ മറ്റ് നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ഇന്ത്യന്‍ സ്ഥാനപതി പി. കുമരന് പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.