Currency

ഒമാനിലെ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍; നടപടികള്‍ക്ക് ഈ മാസം തുടക്കം

സ്വന്തം ലേഖകന്‍Friday, December 8, 2017 10:30 am

മസ്‌കത്ത്: ഒമാനിലെ സ്വദേശികള്‍ക്ക് പൊതു, സ്വകാര്യ മേഖലാ സ്ഥാപനങ്ങളില്‍ തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ക്ക് ഈ മാസം മുതല്‍ തുടക്കമാകും. പൊതു, സ്വകാര്യ മേഖലയില്‍ 25000 തൊഴില്‍ അവസരങ്ങളാണ് ലഭ്യമാക്കുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് മന്ത്രിസഭാ കൗണ്‍സില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പുതിയ തീരുമാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി വിദേശ റിക്രൂട്ട്‌മെന്റുകളില്‍ നിയന്ത്രണം വരുകയും ചെയ്യും.

സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കാന്‍ സ്വകാര്യ, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ മികച്ച പിന്തുണയാണ് വാഗ്ദാനം ചെയ്തതെന്ന് മാനവ വിഭവശേഷി മന്ത്രി അബ്ദുള്ള ബിന്‍ നാസര്‍ അല്‍ ബക്രി പറഞ്ഞു. ആവശ്യമുള്ളതിലുമധികം തൊഴില്‍ വാഗ്ദാനങ്ങള്‍ ലഭ്യമാണ്. യോഗ്യതയും മാനദണ്ഡങ്ങളും ഒത്തുചേരുന്ന സ്വദേശി തൊഴിലന്വേഷകന്‍ ഉണ്ടെങ്കില്‍ ആ തസ്തികയിലേക്ക് വിദേശ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് അനുവദിക്കില്ല. ഒഴിവ് നികത്താന്‍ വേണ്ട സ്വദേശികള്‍ ഇല്ലെങ്കില്‍ മാത്രമാകും വിദേശികളെ ജോലിക്കെടുക്കാന്‍ അനുവദിക്കുക.

സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കുന്നതിന് സ്ഥാപനങ്ങള്‍ മുന്നോട്ടുവരണം. ബിരുദധാരികളെ തൊഴിലിന് പറ്റാത്തവരെന്ന് പറഞ്ഞ് തള്ളിക്കളയരുതെന്നും അവരെ മതിയായ പരിശീലനത്തിലൂടെ ആ തസ്തികയിലേക്ക് യോഗ്യരാക്കാന്‍ സ്ഥാപനങ്ങള്‍ തയാറാകണമെന്നും മാനവ വിഭവശേഷി മന്ത്രി പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x