Currency

ഖത്തറിലെ പള്ളികള്‍ ജൂണ്‍ 15 മുതല്‍ പ്രാർത്ഥനക്കു തുറന്നു നൽകും

Friday, June 12, 2020 3:00 pm

ദോഹ: കോവിഡ്-19 നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിന്റെ ഭാഗമായി ജൂണ്‍ 15 മുതല്‍ പള്ളികള്‍ തുറക്കും. ആദ്യ ഘട്ടത്തില്‍ 500 പള്ളികളാണ് തുറക്കുന്നത്. തുറക്കുന്ന പള്ളികളുടെ പട്ടിക ഔഖാഫ് ഇസ്‌ലാമിക് കാര്യമന്ത്രാലയം പുറത്തിറക്കി. പേരുകൾ മന്ത്രാലയ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

പള്ളികള്‍ തുറക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ചു പൊതുജനാരോഗ്യ മന്ത്രാലയം നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. പള്ളികളിലെത്തുന്ന വിശ്വാസികൾ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ സംബന്ധിച്ച ബോധവല്‍ക്കരണ വീഡിയോകളും ചിത്രങ്ങളുമെല്ലാം മന്ത്രാലയത്തിന്റെ സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകളില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

കോവിഡ് അപകട നിര്‍ണയന ആപ്ലിക്കേഷൻ ഇഹ്‌തെറാസ് സ്മാര്‍ട് ഫോണില്‍ റജിസ്റ്റര്‍ ചെയ്തവർക്കുമാത്രമാണ് പള്ളിയിൽ പ്രവേശനം. പള്ളികളിൽ അംഗശുദ്ധി വരുത്തുവാൻ സൗകര്യം ഉണ്ടാകില്ല, വീട്ടിൽ നിന്നുതന്നെ അംഗശുദ്ധി വരുത്തിവേണം പള്ളിയിലെത്താൻ.പള്ളിക്കുള്ളിൽ വിശ്വാസികള്‍ തമ്മില്‍ 2 മീറ്റര്‍ അകലവും പാലിച്ചിരിക്കണം. ഫേസ് മാസ്കും ധരിച്ചിരിക്കണം. ഹസ്തദാനം പാടില്ല. മുസല്ല, പാരായണത്തിനുള്ള വിശുദ്ധ ഖുര്‍ ആന്‍ എന്നിവ പ്രാർത്ഥനക്കെത്തുന്നവർ സ്വന്തമായി കൊണ്ടുവരണം എന്നിവയാണ് മന്ത്രാലയത്തിന്റെ പ്രധാന നിർദ്ദേശങ്ങൾ.

ജൂണ്‍ 15 മുതല്‍ പള്ളികള്‍ തുറക്കുമെങ്കിലും വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്‌കാരം ആഗസ്റ്റിൽ മാത്രമേ ആരംഭിക്കുകയുള്ളു. സെപ്റ്റംബര്‍ 1 മുതല്‍ മുഴുവന്‍ പള്ളികളും തുറക്കുവാനും നിർദ്ദേശമുണ്ട്.

Covid 19:  500 mosques reopening on June 15 in Qatar


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x