Currency

കാന്‍സര്‍ വ്യാപനം 75 ശതമാനം കുറയ്ക്കാമെന്ന് പഠനം

സ്വന്തം ലേഖകന്‍Wednesday, January 18, 2017 10:32 am

ട്യൂമറിന്റെ 'വിത്തുകള്‍' ശരീരത്തില്‍ എവിടെ വേണമെങ്കിലും രൂപപ്പെടാം. ഇതാണ് കാന്‍സര്‍ ബാധിതരായ 90 ശതമാനം രോഗികളുടെയും മരണകാരണം. പ്രതിരോധ സംവിധാനത്തില്‍ വരുത്തിയ മാറ്റത്തിലൂടെ സ്‌കിന്‍ കാന്‍സര്‍ ശ്വാസകോശത്തിലേക്ക് പടരുന്നത് പതുക്കെയാക്കാന്‍ കഴിഞ്ഞുവെന്ന് നേച്ചര്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.

ശരീരത്തിലെ കാന്‍സറിന്റെ വ്യാപനം 75 ശതമാനവും കുറയ്ക്കാമെന്ന് ശാസ്ത്രജ്ഞര്‍. മൃഗങ്ങളിലാണ് പഠനം നടത്തിയത്. ട്യൂമറിന്റെ ‘വിത്തുകള്‍’ ശരീരത്തില്‍ എവിടെ വേണമെങ്കിലും രൂപപ്പെടാം. ഇതാണ് കാന്‍സര്‍ ബാധിതരായ 90 ശതമാനം രോഗികളുടെയും മരണകാരണം. പ്രതിരോധ സംവിധാനത്തില്‍ വരുത്തിയ മാറ്റത്തിലൂടെ സ്‌കിന്‍ കാന്‍സര്‍ ശ്വാസകോശത്തിലേക്ക് പടരുന്നത് പതുക്കെയാക്കാന്‍ കഴിഞ്ഞുവെന്ന് നേച്ചര്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. എങ്ങനെയാണ് ക്യാന്‍സറിന്റെ വ്യാപനമെന്നു മനസിലാക്കാനും പുതിയ ചികിത്സാരീതികള്‍ കണ്ടെത്താനും പഠനം സഹായിക്കുമെന്ന് യുകെ കാന്‍സര്‍ റിസര്‍ച്ച് പറയുന്നു.

മെറ്റാസ്റ്റാറ്റിസ് എന്നറിയപ്പെടുന്ന കാന്‍സറിന്റെ വ്യാപനം തുടര്‍ച്ചയായി മാറ്റം വന്നുകൊണ്ടിരിക്കുന്ന കാന്‍സര്‍ കോശങ്ങളും ബാക്കിയുള്ള ശരീരഭാഗവും തമ്മിലുള്ള പോരാട്ടമാണ്. ശരീരത്തില്‍ ട്യൂമര്‍ വ്യാപിക്കുന്നതിനുള്ള കാരണമെന്താണെന്ന് കണ്ടെത്താനായിരുന്നു കേംബ്രിഡ്ജ് സാങ്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരുടെ ശ്രമം. ഗവേഷകര്‍ ജനിതക ഘടനയില്‍ മാറ്റം വരുത്തിയ 810 ജോടി എലികളെയാണ് ഇത് സംബന്ധിച്ച പഠനത്തിനായി തിരഞ്ഞെടുത്തത്. ക്യാന്‍സര്‍ വ്യാപനത്തെ ഡിഎന്‍എയുടെ ഏത് ഭാഗമാണ് പ്രതിരോധിക്കുന്നത് എന്ന് കണ്ടെത്തുകയായിരുന്നു ലക്ഷ്യം. മെലനോമാസ്(സ്‌കിന്‍ കാന്‍സര്‍) കുത്തിവെച്ച് എലികളുടെ ശ്വാസകോശത്തില്‍ എത്ര ട്യൂമറുകള്‍ രൂപപ്പെടുന്നുണ്ടെന്ന് കണ്ടെത്തി.

23 സെക്ഷന്‍ ഓഫ് ഡിഎന്‍എ അല്ലെങ്കില്‍ ജീനുകള്‍ കാന്‍സര്‍ വ്യാപനം പ്രയാസമുള്ളതാക്കുകയോ എളുപ്പമാക്കുകയോ ചെയ്യുന്നുണ്ടെന്ന് പരീക്ഷണത്തില്‍ കണ്ടെത്തി. ഇതില്‍ പലതും പ്രതിരോധ സംവിധാനത്തെ നിയന്ത്രിക്കുന്നവയാണ്. എസ്പിഎന്‍എസ്2 എന്ന ഒരു ജീന്‍ ശ്വാസകോശത്തിലെ ട്യൂമര്‍ വ്യാപനം 75 ശതമാനം കുറയ്ക്കുന്നുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു.

ഈ ജീന്‍ ശ്വാസകേശത്തിലെ പ്രതിരോധ സെല്ലുകളുടെ സംതുലനം നിലനിര്‍ത്തുന്നുവെന്ന് ഗവേഷക സംഘത്തിലെ ഡോക്ടര്‍ ഡേവിഡ് ആഡംസ് പറഞ്ഞു. ഇത് കാന്‍സര്‍ സെല്ലുകളെ കൊല്ലുന്ന മറ്റുള്ള കോശങ്ങളുടെയും പ്രതിരോധ സംവിധാനം തകര്‍ക്കുന്ന കോശങ്ങളുടെയും സംതുലനത്തില്‍ മാറ്റം വരുത്തുന്നു. കാന്‍സറിനെതിരായ പോരാട്ടത്തില്‍ പ്രതിരോധ സംവിധാനം ശക്തമാക്കുന്നതിലൂടെ ചില രോഗികളില്‍ അഭൂതപൂര്‍വമായ മാറ്റം വരുത്താന്‍ സാധിക്കും. കാന്‍സര്‍ ചികിത്സയില്‍ മരുന്ന് പലപ്പോഴും പരാജയപ്പെടുന്ന സാഹചര്യത്തിലും ചിലരില്‍ കാന്‍സറിന്റെ എല്ലാ ലക്ഷണങ്ങളും അപ്രത്യക്ഷമായിട്ടുള്ളതായും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്.

ട്യൂമറിന്റെ വളര്‍ച്ചയ്ക്ക് കാരണമായ ജീനിന്റെ സാന്നിദ്ധ്യമാണ് പഠനത്തില്‍ കണ്ടെത്താനായത്. എസ്പിഎന്‍സ് 2 നെ ലക്ഷ്യമിടുന്ന മരുന്നുകള്‍ ഉത്പാദിക്കാനായാല്‍ കാന്‍സറിന്റെ വ്യാപനം കുറയ്ക്കാന് സാധിക്കുമെന്നും എന്നാല്‍ അതൊരു വിദൂര പ്രതീക്ഷയാണെന്നും ഡോ. ആഡംസ് പറഞ്ഞു. കാന്‍സര്‍ വ്യാപനത്തിന് കാരണമാകുന്ന ജീനിനെ കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ ഈ പഠനം സഹായിച്ചുവെന്നും ഭാവിയില്‍ കാന്‍സറിനെതിരായ ചികിത്സയ്ക്ക് ഇത് മുതല്‍കൂട്ടാകുമെന്നും യുകെ കാന്‍സര്‍ റിസര്‍ച്ചിലെ ഡോ ഡസ്റ്റിന്‍ ആല്‍ഫ്രോഡ് പറഞ്ഞു. കാന്‍സര്‍ വ്യാപിച്ചുകഴിഞ്ഞാല്‍ ചികിത്സയിലൂടെ ഭേദമാക്കാന്‍ പ്രയാസമാണ്. അതിനാല്‍ രോഗവ്യാപനം തടയുന്നതിനെക്കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x