Currency

പ്രവാസികള്‍ക്ക് തിരിച്ചടിയായി ഖത്തറിലെ പുതിയ തൊഴില്‍ നിയമം

സ്വന്തം ലേഖകന്‍Saturday, December 31, 2016 7:28 am

കരാര്‍ കാലാവധി പൂര്‍ത്തിയാക്കുന്ന പ്രവാസിക്ക് പുതിയ ജോലിയില്‍ പ്രവേശിക്കണമെങ്കില്‍ രാജ്യം, തൊഴില്‍, ലിംഗം എന്നിവ വൃക്തമാക്കുന്ന വിസ ഉണ്ടായിരിക്കണമെന്ന് ഭരണനിര്‍വഹണ തൊഴില്‍ സാമൂഹിക മന്ത്രാലയം വ്യക്തമാക്കി. 60 വയസ് കഴിഞ്ഞ പ്രവാസികള്‍ക്ക് വിസ പുതുക്കി നല്‍കില്ല.

ദോഹ: ഖത്തറിലെ പുതിയ തൊഴില്‍ നിയമം സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നു. കരാര്‍ കാലാവധി പൂര്‍ത്തിയാക്കുന്ന പ്രവാസിക്ക് പുതിയ ജോലിയില്‍ പ്രവേശിക്കണമെങ്കില്‍ രാജ്യം, തൊഴില്‍, ലിംഗം എന്നിവ വൃക്തമാക്കുന്ന വിസ ഉണ്ടായിരിക്കണമെന്ന് ഭരണനിര്‍വഹണ തൊഴില്‍ സാമൂഹിക മന്ത്രാലയം വ്യക്തമാക്കി. 60 വയസ് കഴിഞ്ഞ പ്രവാസികള്‍ക്ക് വിസ പുതുക്കി നല്‍കില്ല.

പുതിയ നിയമ പ്രകാരം കരാര്‍ കാലാവധി പൂര്‍ത്തിയാകുന്ന ഒരു പ്രവസിക്ക് തൊഴില്‍ മന്ത്രാലയത്തിന്റെ അനുമതിയോടെ മറ്റൊരു കമ്പനിയിലേക്ക് മാറാം. എന്നാല്‍ കാലാവധി അവസാനിക്കുന്നതിന് മുമ്പ് തന്നെ നിലവിലെ തൊഴിലുടമക്ക് ഇതുസംബന്ധിച്ച് വിവരം നല്‍കണം. കൂടാതെ തൊഴില്‍ മന്ത്രാലയത്തിന് ജോലിമാറ്റം സംബന്ധിച്ച് അപേക്ഷ നല്‍കണം. അതായത് മാനേജര്‍ വിസയില്‍ ജോലി ചെയ്യുന്ന ഒരു വ്യക്തി കമ്പനി മാറുമ്പോള്‍ പുതിയ കമ്പനിയിലും മാനേജര്‍ വിസ തന്നെയായിരിക്കണം. കാലാവധി വെക്കാത്ത കരാറുകളില്‍ അഞ്ച് വര്‍ഷം അവസാനിക്കുന്നതോടെ കമ്പനി മാറാന്‍ ആഗ്രഹിക്കുന്നെങ്കില്‍ 60 ദിവസം മുമ്പ് തൊഴിലാളി ജോലി മാറ്റം സംബന്ധിച്ച് നോട്ടീസ് നല്‍കിയിരിക്കണം. അതേസമയം ജോലി മാറാന്‍ ആഗ്രഹിക്കുന്നയാള്‍ക്ക് അറുപത് വയസ്സ് കഴിഞ്ഞിട്ടുണ്ടെങ്കില്‍ വിസ പുതുക്കി നല്‍കുകയില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

ഖത്തറില്‍ 60 വയസുളള പ്രവാസികള്‍ക്ക് വിസ പുതുക്കി നല്‍കില്ലെന്ന മന്ത്രാലയത്തിന്റെ തീരുമാനം, ചെറുകിട ബിസിനസ് സംരംഭകരായ മലയാളികളെയടക്കം പ്രതികൂലമായി ബാധിച്ചേക്കും. അതേസമയം പാര്‍ട്ട്ണര്‍ഷിപ്പില്‍ രാജ്യത്ത് വ്യാപാര വാണിജ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദേശികള്‍ക്ക് 60 വയസിന്റെ കാര്യത്തില്‍ ഇളവുണ്ടാകുമെന്നും അറിയുന്നു. നിലവില്‍ അറുപത് വയസ് കഴിഞ്ഞ വിദേശിയരായ ജീവനക്കാര്‍ക്ക് തൊഴിലുടമകള്‍ ആവശ്യപ്പെട്ടാല്‍ വിസ പുതുക്കി നല്‍കിയിരുന്നു. ഇത് സംബന്ധിച്ചുള്ള നടപടികള്‍ ഉടന്‍ മന്ത്രാലയം സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ട് . സ്വദേശി വത്കരണത്തിന് ആക്കം കൂട്ടുന്നതാണ് പുതിയ തീരുമാനം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x