
തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്താന്‍ കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശം. തീവ്രവാദി ആക്രമണം ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് സിഐഎസ്എഫും സംസ്ഥാന പോലീസും ചേര്‍ന്ന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നീക്കങ്ങള്‍. ജനുവരി 31 വരെ സന്ദര്‍ശകര്‍ക്ക് പാസെടുത്ത് ടെര്‍മിനുള്ളില്‍ പ്രവേശിക്കാനാവില്ല.
കുറച്ച് നാളുകളായി തിരുവനന്തപുരം വിമാനത്താവളത്തെ ചുറ്റിപറ്റിയുള്ള സുരക്ഷ പ്രശ്‌നങ്ങള്‍ ഉയര്‍ന്ന് വരികയും പല തവണ കേന്ദ്രത്തില്‍ നിന്ന് ഉദ്യോഗസ്ഥരെത്തി പരിശോധനകള്‍ നടത്തുകയും ചെയ്തിരുന്നു. സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലും വിമാനത്തവളത്തിലെത്തി സുരക്ഷ വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഭീകരക്രമണ സാധ്യത മുന്‍കൂട്ടി കണ്ടുള്ള സുരക്ഷ ഒരുക്കാന്‍ കേന്ദ്രം കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.
ഈ മാസം അവസാനം വരെ പാസെടുത്ത് ടെര്‍മിനുള്ളില്‍ പ്രവേശിക്കുന്നതില്‍ നിന്ന് സന്ദര്‍ശകരെ വിലക്കി. യാത്രക്കാരുടെ ലഗേജുകള്‍ കൂടുതല്‍ വിശദമായി പരിശോധിക്കും. സ്വകാര്യ ഏജന്‍സികളുടെ അതിഥികളായെത്തുന്ന വിദേശികള്‍ പരിശോധന കൂടാതെ പുറത്തേക്ക് പോകുന്നത് നിയന്ത്രിക്കാനും തീരുമാനിച്ചിട്ടുണ്ട്. കൂടുതല്‍ ഉദ്യോഗസ്ഥര്‍ അടുത്ത ദിവസങ്ങളിലായി സുരക്ഷയ്ക്ക് വേണ്ടി എത്തും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.