Currency

മെട്രോ പാതയില്‍ റയിലുകള്‍ ഘടിപ്പിക്കല്‍ ഈ വര്‍ഷം പൂര്‍ത്തിയാകും

സ്വന്തം ലേഖകന്‍Thursday, January 5, 2017 12:33 pm

ദോഹ: മെട്രോ പാതയില്‍ റയിലുകള്‍ ഘടിപ്പിക്കുന്ന ജോലികള്‍ ഈ വര്‍ഷം പൂര്‍ത്തിയാകുമെന്ന് ഖത്തര്‍ റയില്‍ സി.ഇ.ഒ സാദ് അല്‍ മുഹന്നദി വ്യക്തമാക്കി. പാതയില്‍ റയിലുകള്‍ ഘടിപ്പിക്കുന്നതിനൊപ്പം മെട്രോ സ്റ്റേഷനുകളുടെ ഓപറേഷന്‍, ഫെസിലിറ്റീസ് മാനേജ്‌മെന്റ് കരാര്‍ എന്നിവയും ഈ വര്‍ഷം പൂര്‍ത്തിയാകുമെന്ന് അദ്ദേഹം പറഞ്ഞു. ദോഹ മെട്രോക്കു വേണ്ടിയുള്ള ആദ്യ നാലു ട്രെയിനുകള്‍ ഈ വര്‍ഷം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ മെട്രോ പദ്ധതികളുടെ നിര്‍മാണത്തില്‍ 70 ശതമാനം പുരോഗതി ഉണ്ടാകുമെന്നാണ് കമ്പനി കരുതുന്നത്.

പാത നിര്‍മാണത്തിന്റെ സിവില്‍ വര്‍ക്കുകള്‍ ഏതാണ്ട് പൂര്‍ത്തിയായി വരുന്നു. 36 ബില്യന്‍ യുഎസ് ഡോളര്‍ ചെലവഴിച്ചാണ് പാത നിര്‍മ്മാണം നടക്കുന്നത്. 41,000 ജീവനക്കാരുടെ നേതൃത്വത്തില്‍ പാത നിര്‍മ്മാണത്തിനൊപ്പം മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ പ്ലാന്റുകളുടെ ഇന്‍സ്റ്റലേഷനും റയില്‍വേ കണ്‍ട്രോള്‍ സിസ്റ്റം, സ്റ്റേഷനുകള്‍ എന്നിവയുടെ ജോലികളും നടന്നുവരുന്നുണ്ട്. മെട്രോ സ്റ്റേഷനുകളുടെയും ഫൗണ്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. അഞ്ച് ഇലവേറ്റഡ് സ്റ്റേഷനുകളില്‍ പ്ലാറ്റ് ഫോം സ്ലാബുകള്‍ ഘടിപ്പിക്കല്‍ ത്വരിത ഗതിയില്‍ നടക്കുന്നു.

രാജ്യത്തെ റയില്‍ വികസന പദ്ധതി നിര്‍ണായകമായ ഘട്ടത്തിലേക്ക് കടക്കുകയാണന്ന് ഖത്തര്‍ റയില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്ല അല്‍ സുബൈഈ വ്യക്തമാക്കി. റയില്‍ നിര്‍മാണ കരാര്‍ ഏറ്റെടുത്ത കമ്പനിയില്‍ നിന്നും പ്രവര്‍ത്തിപ്പിക്കല്‍ കരാര്‍ ഏറ്റെടുത്ത കമ്പനിയിലേക്ക് പദ്ധതി കൈമാറുന്ന നടപടി ഉടനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഖത്തര്‍ മെട്രോ 2020 ആദ്യത്തോടെ കമ്മീഷന്‍ ചെയ്യുമെന്ന് ലുസൈല്‍ പദ്ധതിയുടെ ഡയറക്ടര്‍ ജനറല്‍ (കോര്‍ഡിനേഷന്‍) എഞ്ചിനീയര്‍ സൈഫ് അല്‍ഹിലാല്‍ അടുത്തിടെ അറിയിച്ചിരുന്നു. 2019 അവസാനത്തോടെ പരീക്ഷണ ഓട്ടം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x