Currency

വാഹനാപകടം: രാജ്യത്ത് മരിക്കുന്നവരില്‍ പകുതിയിലേറെയും യുവാക്കള്‍

സ്വന്തം ലേഖകന്‍Monday, January 30, 2017 7:30 am

2015 ല്‍ രാജ്യത്തുണ്ടായ റോഡപകടങ്ങളില്‍ ഒന്നരലക്ഷം പേര്‍ മരിച്ചപ്പോള്‍ എണ്‍പതിനായിരത്തോളം പേരും 15 നും 34നും മധ്യേ പ്രായമുള്ളവരായിരുന്നു. ഇവരില്‍ 42 ശതമാനം പേരും മരിച്ചത് അമിതവേഗതയെ തുടര്‍ന്നാണെന്നാണ്.

ന്യൂഡല്‍ഹി: രാജ്യത്ത് വാഹനാപകടങ്ങളില്‍ മരിക്കുന്നവരില്‍ പകുതിയിലേറെയും യുവാക്കളാണെന്ന് കണക്കുകള്‍. 2015 ല്‍ രാജ്യത്തുണ്ടായ റോഡപകടങ്ങളില്‍ ഒന്നരലക്ഷം പേര്‍ മരിച്ചപ്പോള്‍ എണ്‍പതിനായിരത്തോളം പേരും 15 നും 34നും മധ്യേ പ്രായമുള്ളവരായിരുന്നു. ഇവരില്‍ 42 ശതമാനം പേരും മരിച്ചത് അമിതവേഗതയെ തുടര്‍ന്നാണെന്നാണ്. റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി ദേശീയ ഉപരിതലഗതാഗത മന്ത്രാലയമാണ് ഇത് സംബന്ധിച്ച് കണക്കുകള്‍ പുറത്തു വിട്ടത്.

ആഗോളതലത്തിലും വാഹനാപകടങ്ങളില്‍ മരിക്കുന്നവരിലേറെയും യുവാക്കളാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ പ്രകാരം 15-29 പ്രായത്തിലുള്ളവര്‍ ഏറ്റവും കൂടുതല്‍ മരിക്കുന്നത് വാഹനാപകടങ്ങളിലാണ്. റോഡ് സുരക്ഷാ നിയമങ്ങള്‍ കര്‍ശനമായി പാലിക്കാത്തതാണ് അപകടനിരക്ക് വര്‍ധിക്കാന്‍ കാരണമെന്നാണ് സുരക്ഷാ വിദഗ്ദ്ധര്‍ പറയുന്നത്. ഇന്ത്യയിലെ റോഡുകളില്‍ ഓരോ ദിവസവും 1374 വാഹനാപകടങ്ങള്‍ ഉണ്ടാവുകയും 407 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്യുന്നെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

2015ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാഹനാപകടങ്ങളുണ്ടായ സംസ്ഥാനം തമിഴ്നാടാണ്. 69,059 വാഹനാപകടങ്ങളാണ് അവിടെ ഉണ്ടായത്. മഹാരാഷ്ട്ര (63,805), മധ്യപ്രദേശ് (54,947), കര്‍ണാടക (44,011), കേരളം (39,014) എന്നീ സംസ്ഥാനങ്ങളാണ് അപകട കണക്കില്‍ മുന്നില്‍ നില്‍ക്കുന്ന മറ്റു സംസ്ഥാനങ്ങള്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x