Currency

അക്വാട്ടിക് ഫാം പദ്ധതി; ലേല നടപടികളിലേക്ക്

സ്വന്തം ലേഖകന്‍Sunday, February 12, 2017 2:23 pm

സാമ്പത്തിക വാണിജ്യ മന്ത്രാലയത്തിന്റെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ നടത്തിപ്പിനായി നിക്ഷേപകര്‍ക്ക് സ്ഥലം കൈമാറുന്നതിനുള്ള അവസാനഘട്ട തയ്യാറെടുപ്പുകളിലാണ് മന്ത്രാലയം. ഈ വര്‍ഷം തന്നെ ലേലം നടത്തും.

ദോഹ: അക്വാട്ടിക് ഫാം പദ്ധതി ലേല നടപടികളിലേക്ക് പ്രവേശിക്കുന്നു. പ്രാദേശിക മീന്‍ ഉത്പാദനത്തില്‍ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിന്റെ പദ്ധതിയാണിത്. ഫാമുകള്‍ തുടങ്ങാനായി സ്വകാര്യ മേഖലയ്ക്ക് സ്ഥലം നല്‍കുന്നതിനുള്ള ലേല നടപടികളിലേക്ക് പ്രവേശിക്കുകയാണെന്ന് ഫിഷറീസ് വകുപ്പ് ഡയറക്ടര്‍ മുഹമ്മദ് സയീദ് അല്‍ മുഹന്നദി പറഞ്ഞു.

സാമ്പത്തിക വാണിജ്യ മന്ത്രാലയത്തിന്റെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ നടത്തിപ്പിനായി നിക്ഷേപകര്‍ക്ക് സ്ഥലം കൈമാറുന്നതിനുള്ള അവസാനഘട്ട തയ്യാറെടുപ്പുകളിലാണ് മന്ത്രാലയം. ഈ വര്‍ഷം തന്നെ ലേലം നടത്തും. ഏതാനും പദ്ധതികള്‍ ഈ വര്‍ഷം തുടങ്ങുമെങ്കിലും മുഴുവന്‍ പദ്ധതികളും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളിലേ പൂര്‍ത്തിയാകു. അഞ്ചുവര്‍ഷത്തിനുള്ളില്‍ മീന്‍ ഉത്പാദനം ആരംഭിക്കും.

മീന്‍, ചെമ്മീന്‍ ഫാമുകള്‍ക്കായാണ് അനുമതി നല്‍കുന്നത്. 96 ശതമാനം നിര്‍മാണം പൂര്‍ത്തിയാക്കിയ റാസ്മത്ബക്കയില്‍ നിര്‍മാണം പുരോഗമിക്കുന്ന അക്വാട്ടിക് ഗവേഷണ കേന്ദ്രം അടുത്ത മാസത്തോടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. പ്രതിവര്‍ഷം ആറായിരം ടണ്‍ മീന്‍ ഉത്പാദിപ്പിക്കാന്‍ ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ. ചെമ്മീനുകള്‍ കൂടാതെ അക്വാട്ടിക് ഗവേഷണ കേന്ദ്രത്തിലൂടെ പ്രതിവര്‍ഷം 25 ലക്ഷം ഹമൂര്‍, സാഫി, സുലൈത്തി മീനുകളുടെ ലാര്‍വ ഉത്പാദിപ്പിക്കാന്‍ കഴിയും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x