കോസ്റ്റല്‍ ഖത്തര്‍ വക്ര (40,000 സീറ്റ്), അല്‍ഖോര്‍ അല്‍ ബയത്ത് (60,000 സീറ്റ്), റയ്യാന്‍ (40,000 സീറ്റ്) എന്നീ സ്റ്റേഡിയങ്ങളുടെ സീറ്റുകളാണ് ദോഹയിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ നിര്‍മിക്കുക. ദിവസേന 500 സീറ്റുകള്‍ നിര്‍മിക്കുന്നതിനുള്ള സൗകര്യമാണുള്ളത്.
ദോഹ: ലോകകപ്പ് സ്റ്റേഡിയങ്ങളിലെ സീറ്റുകള്‍ നിര്‍മിക്കുന്നതിനുള്ള കരാര്‍ മലയാളി കമ്പനിക്ക്. മലയാളിയുടെ ഉടമസ്ഥതയിലുള്ള കോസ്റ്റല്‍ ഖത്തറാണ് സ്റ്റേഡിയങ്ങള്‍ക്കായി ആദ്യഘട്ടത്തില്‍ 1.40 ലക്ഷം സീറ്റുകള്‍ നിര്‍മിക്കുക. സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി സെക്രട്ടറി ജനറല്‍ ഹസന് അല്‍ തവാഡി, ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി പി. കുമരന്, എറണാകുളം സ്വദേശിയും കമ്പനി സിഇഒയുമായ നിഷാദ് അസീം, ചെയര്മാന് ഷെയ്ഖ് മന്‍സൂര്‍ ബിന്‍ ജാബര്‍ അല്‍താനി എന്നിവരുടെ സാന്നിധ്യത്തില്‍ സീറ്റുകളുടെ നിര്‍മാണോദ്ഘാടനം ഇന്നലെ നടന്നു.
30 വര്‍ഷത്തിലേറെയായി നിര്‍മാണ ഉല്പന്ന മേഖലയില്‍ സജീവമായ കോസ്റ്റല്‍ ഖത്തര്‍ വക്ര (40,000 സീറ്റ്), അല്‍ഖോര്‍ അല്‍ ബയത്ത് (60,000 സീറ്റ്), റയ്യാന്‍ (40,000 സീറ്റ്) എന്നീ സ്റ്റേഡിയങ്ങളുടെ സീറ്റുകളാണ് ദോഹയിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ നിര്‍മിക്കുക. ദിവസേന 500 സീറ്റുകള്‍ നിര്‍മിക്കുന്നതിനുള്ള സൗകര്യമാണുള്ളത്. നിലവിലുള്ള കരാറിന് ശേഷം ബാക്കി സ്റ്റേഡിയങ്ങളുടെ സീറ്റ് കരാര്‍ കൂടി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി. പൂര്‍ണമായും ഓട്ടോമാറ്റിക് സംവിധാനത്തില്‍ പ്രത്യേക പോളിമെര്‍ ഇന്ജെക്ഷന് മോള്‍ഡിങ് യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് സീറ്റ് നിര്‍മാണം.
ഖത്തറിനു പുറമേ യൂറോപ്പിലും യുഎസിലും ഉള്‍പ്പെടെയുള്ള വിവിധ പ്രോജക്ടുകളില്‍ കമ്പനി പങ്കാളികളാണ്. ഹമദ് രാജ്യാന്തര വിമാനത്താവളം, ഖത്തര്‍ ഫൗണ്ടേഷന്, അഷ്ഗാല്‍, ആസ്പയര് ലോജിസ്റ്റിക്സ്, ഖത്തര്‍ ഒളിംപിക് കമ്മിറ്റി എന്നിവയ്ക്കായും ഖത്തറില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.