സ്വദേശികള്‍ക്ക് സ്വകാര്യമേഖലയില്‍ പാര്‍ട്ട്‌ടൈം ജോലിക്ക് അവസരമൊരുക്കും വിദേശികളെ സ്‌പെഷലൈസ്ഡ് തസ്തികകളിലേക്ക് താല്‍ക്കാലിക കരാര്‍ പ്രകാരം നിയമിക്കാന്‍ അനുവദിക്കുകയും ചെയ്യുന്നതാണ് കരാറിലെ പ്രധാന നിര്‍ദേശം.
മസ്‌കത്ത്: ഹ്രസ്വകാല തൊഴില്‍ കരാറുകള്‍ അനുവദിക്കാനുള്ള നിര്‍ദേശം സര്‍ക്കാര്‍ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. ‘തന്‍ഫീദ്’ നിര്‍ദേശമാണ് പരിഗണനയിലുള്ളത്. എണ്ണയിതര സമ്പദ് വ്യവസ്ഥയിലേക്ക് രാജ്യത്തെ നയിക്കാന്‍ ലക്ഷ്യമിട്ട് കഴിഞ്ഞവര്‍ഷം നിലവില്‍വന്ന സര്‍ക്കാര്‍ സംവിധാനമാണ് തന്‍ഫീദ്. ഇതിലെ നിര്‍ദേശങ്ങളടങ്ങിയ ഹാന്‍ഡ് ബുക് മാര്‍ച്ച് അവസാനമാണ് സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നത്. സംവിധാനത്തിന് സര്‍ക്കാര്‍ അനുമതി നല്‍കുന്നതോടെ ഒമാനിലെത്തുന്ന വിദേശ തൊഴിലാളികളെ പ്രത്യേക തസ്തികകളില്‍ ഹ്രസ്വകാലയളവിലേക്ക് ജോലിക്കെടുക്കാന്‍ സാധിക്കുമെന്ന് ഇംഗ്ലീഷ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
ഹ്രസ്വകാല തൊഴില്‍ കരാറുകള്‍ അനുവദിക്കുന്നതുവഴി ചെറുപ്പക്കാരും കഴിവുള്ളവരുമായ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ലഭ്യമാകും. സ്വദേശികള്‍ക്ക് സ്വകാര്യമേഖലയില്‍ പാര്‍ട്ട്‌ടൈം ജോലിക്ക് അവസരമൊരുക്കും വിദേശികളെ സ്‌പെഷലൈസ്ഡ് തസ്തികകളിലേക്ക് താല്‍ക്കാലിക കരാര്‍ പ്രകാരം നിയമിക്കാന്‍ അനുവദിക്കുകയും ചെയ്യുന്നതാണ് കരാറിലെ പ്രധാന നിര്‍ദേശം. ഇതു യാഥാര്‍ഥ്യമാകുന്ന പക്ഷം പ്രോജക്ടിന്റെ ആവശ്യത്തിനനുസരിച്ച് മൂന്നു മാസം, ആറുമാസം, ഒമ്പത് മാസം തുടങ്ങിയ കാലയളവില്‍ വിദേശികളെ നിയമിക്കാന്‍ കഴിയും.
അനുവദിക്കാവുന്ന പദ്ധതികള്‍, തൊഴിലാളികളുടെ സ്‌പെഷാലിറ്റി തുടങ്ങിയ വിഷയങ്ങളില്‍ ഇനിയും ധാരണയാകേണ്ടതുണ്ട്. ഹ്രസ്വകാലത്തേക്ക് വേണ്ട തൊഴിലാളികളെ രണ്ടുവര്‍ഷ വിസയെടുത്ത് കൊണ്ടുവരേണ്ട സാഹചര്യമാണ് നിലവിലുള്ളത്. കമ്പനിയുടമകളും മറ്റും ഈ നിര്‍ദേശത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.