Currency

ഹമദ് വിമാനത്താവളത്തില്‍ ഇഗേറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു

സ്വന്തം ലേഖകന്‍Friday, May 5, 2017 12:01 pm

ഈ വര്‍ഷം ആദ്യ മൂന്നുമാസത്തിനുള്ളില്‍ ഇഗേറ്റ് ഉപയോഗിച്ച് എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത് 8.65 ലക്ഷം പേരാണ്. ഈ വര്‍ഷം അവസാനത്തോടെ 35 ലക്ഷം പേര്‍ ഈ സര്‍വീസ് ഉപയോഗിക്കുമെന്നാണു പ്രതീക്ഷ.

ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ ഇഗേറ്റ് സംവിധാനത്തിന്റെ എണ്ണം വര്‍ധിപ്പിക്കും. നിലവില്‍ ഡിപാര്‍ച്ചര്‍ മേഖലയില്‍ 21 ഇഗേറ്റും അറൈവല്‍ മേഖലയില്‍ 20 ഗേറ്റുകളുമാണുള്ളത്. ഇത് 40 ഗേറ്റ് വീതമാക്കി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. എയര്‍പോര്‍ട്ട് പാസ്‌പോര്‍ട്ട് വിഭാഗം ഡയറക്ടര്‍ കേണല്‍ മുഹമ്മദ് റാഷിദ് അല്‍ മസ്രൂയിയാണ് ഇക്കാര്യം അറിയിച്ചത്.

ഈ വര്‍ഷം ആദ്യ മൂന്നുമാസത്തിനുള്ളില്‍ ഇഗേറ്റ് ഉപയോഗിച്ച് എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത് 8.65 ലക്ഷം പേരാണ്. ഈ വര്‍ഷം അവസാനത്തോടെ 35 ലക്ഷം പേര്‍ ഈ സര്‍വീസ് ഉപയോഗിക്കുമെന്നാണു പ്രതീക്ഷ. എമിഗ്രേഷന്‍ കൗണ്ടറിലെ തിരക്കു കുറയ്ക്കാനും ക്യൂ നില്‍ക്കുന്നത് ഒഴിവാക്കാനും കഴിയുന്ന ഈ സംവിധാനത്തിന്റെ വിജയമാണ് ഇതെന്ന് അധികുതര്‍ അറിയിച്ചു.

ഖത്തര്‍ ആര്‍പിയുള്ള എല്ലാവര്‍ക്കും സൗജന്യമായാണ് ഇഗേറ്റ് സര്‍വീസ് നല്‍കുന്നത്. ഖത്തര്‍ ആര്‍പിയുള്ള 18 വയസ്സിനു മുകളിലുള്ളയാള്‍ക്ക് ഇലക്ട്രോണിക് ഗേറ്റ് വഴി അതിവേഗം പരിശോധന പൂര്‍ത്തിയാക്കി മുന്നോട്ടു പോകാവുന്നതാണ്. വളരെ ലളിതമായ നടപടിക്രമമാണ് ഇതിനായുള്ളത്. ഈ നടപടിക്രമങ്ങള്‍ക്കായി പത്തു സെക്കന്‍ഡിലധികം എടുക്കില്ലെന്നും അധികൃതര്‍ പറഞ്ഞു.

അതേസമയം ഈ സംവിധാനം കൂടുതല്‍ വിപുലമാക്കി വിമാനത്താവളത്തിലെ ജീവനക്കാരെ ആരെയും സമീപിക്കാതെ യാത്രാ, സുരക്ഷാ, ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി വിമാനത്തിനുള്ളില്‍ കയറാന്‍ കഴിയുന്ന സ്മാര്‍ട് സംവിധാനം വികസിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ആഭ്യന്തര മന്ത്രാലയം. കൂടുതല്‍ പേര്‍ സംവിധാനം ഉപയോഗിച്ചു തുടങ്ങിയതോടെ അവരെ സഹായിക്കാനായി ഇഗേറ്റിനു സമീപത്തു പാസ്‌പോര്‍ട്ട് വിഭാഗം ഒരു കൗണ്ടര്‍ സ്ഥാപിച്ചിട്ടുമുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x