Currency

ഖത്തറിലെ മീനുകള്‍ ഭക്ഷ്യയോഗ്യം; മീനുകള്‍ ചത്തുപൊങ്ങുന്നെന്ന പ്രചാരണം വ്യാജം

സ്വന്തം ലേഖകന്‍Sunday, May 7, 2017 6:07 pm

ദോഹ: ഖത്തറില്‍ ലഭ്യമാവുന്ന മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് മത്സ്യബന്ധന വകുപ്പിന്റെ ചുമതലയുള്ള നഗരസഭ പരിസ്ഥിതി മന്ത്രാലയം. ഖത്തറിന്റെ സമുദ്രാതിര്‍ത്തിക്കുള്ളില്‍ നിന്നു പിടിക്കുന്ന മീനുകള്‍ ഒരുതരത്തിലുള്ള ആരോഗ്യപ്രശ്നവും ഉണ്ടാക്കുന്നവയല്ലെന്നും മീനുകളില്‍ സാംക്രമികരോഗങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നും ഇവ പൂര്‍ണ സുരക്ഷിതമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

കടലില്‍ മീനുകള്‍ ചത്തുപൊങ്ങുന്നതായും അണുബാധയേറ്റിട്ടുണ്ടെന്നുമുള്ള വ്യാജ പ്രചാരണം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അധികൃതര്‍ വിശദീകരണം നല്‍കിയത്. ഇത് ശ്രദ്ധയില്‍പെട്ടതിനാല്‍ അധികൃതര്‍ കടലിലും മീന്‍വില്‍പന കേന്ദ്രങ്ങളിലും വ്യാപക പരിശോധന നടത്തിയിരുന്നു. എന്നാല്‍ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. ഖത്തറിന്റെ സമുദ്രാതിര്‍ത്തിയില്‍ ഒരിടത്തും മീനുകള്‍ ചത്തുപൊന്തിയിട്ടില്ലെന്നും അധികൃതര്‍ വിശദീകരിക്കുന്നു.

ജലത്തില്‍ ചില മാരകവസ്തുക്കള്‍ കലര്‍ന്നതിനാലാണ് മീനുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതെന്നായിരുന്നു പ്രചാരണം. മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിക്കിടക്കുന്ന വിഡിയോയും ചിത്രങ്ങളും സഹിതമാണ് സാമൂഹ്യമാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചുതുടങ്ങിയത്. അതേസമയം ജിസിസി രാജ്യങ്ങള്‍ സമുദ്രാതിര്‍ത്തി പങ്കിടുന്നതിനാല്‍ ഒരിടത്തു മീനുകള്‍ക്കു രോഗബാധയുണ്ടായാല്‍ അതു മറ്റുസ്ഥലങ്ങളിലേക്കും പടരുമെന്ന ആശങ്ക ചില വിദഗ്ധര്‍ പങ്കുവച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് മന്ത്രാലയം ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x