Currency

ഖത്തറിലെ നഗരവികസനം അടിമുടി മാറണമെന്നു വിദഗ്ധസംഘം

സ്വന്തം ലേഖകന്‍Monday, May 22, 2017 8:38 am

ഖത്തര്‍ നേരിടുന്ന പ്രധാന വെല്ലുവിളി നഗരവികസനത്തിലെ നിയന്ത്രണങ്ങളുടെ പരിഷ്‌കാരമാണെന്ന് ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. നിലവിലെ നിയന്ത്രണം കൃത്യമായി നടപ്പാക്കുന്നതും നിയന്ത്രണങ്ങള്‍ക്ക് ഏകീകൃത സ്വഭാവം ഉണ്ടാകേണ്ടതും പ്രധാനമാണെന്നു ക്യുജിബിസി ഡയറക്ടര്‍ മെഷാല്‍ അല്‍ ഷമാരി പറഞ്ഞു.

ദോഹ: ഖത്തറിലെ നഗരവികസനത്തില്‍ ശ്രദ്ധേയ മാറ്റങ്ങളുണ്ടാകണമെന്നു വിദഗ്ധസംഘം. നിയന്ത്രണങ്ങള്‍ക്കൊപ്പം ബോധവല്‍ക്കരണവും സ്വകാര്യ പങ്കാളിത്തവും ശക്തമാക്കിയെങ്കിലേ നഗരവികസനത്തില്‍ സുസ്ഥിരത കൈവരിക്കാനാകൂ. ഖത്തര്‍ ഗ്രീന്‍ ബില്‍ഡിങ് കൗണ്‍സിലും (ക്യുജിബിസി) യുഎന്‍ ഹാബിറ്റാറ്റിന്റെ വേള്‍ഡ് അര്‍ബന്‍ ക്യാംപയിനും (ഡബ്ള്യുസി) ചേര്‍ന്നു നടത്തിയ അര്‍ബന്‍ തിങ്കേഴ്സ് ക്യാംപസ് സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഖത്തര്‍ നേരിടുന്ന പ്രധാന വെല്ലുവിളി നഗരവികസനത്തിലെ നിയന്ത്രണങ്ങളുടെ പരിഷ്‌കാരമാണെന്ന് ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. നിലവിലെ നിയന്ത്രണം കൃത്യമായി നടപ്പാക്കുന്നതും നിയന്ത്രണങ്ങള്‍ക്ക് ഏകീകൃത സ്വഭാവം ഉണ്ടാകേണ്ടതും പ്രധാനമാണെന്നു ക്യുജിബിസി ഡയറക്ടര്‍ മെഷാല്‍ അല്‍ ഷമാരി പറഞ്ഞു. സ്വകാര്യമേഖലയ്ക്കു നഗരവികസന നയം രൂപീകരിക്കുന്നതിനും നടപ്പാക്കുന്നതിനും കൂടുതല്‍ പങ്കാളിത്തം ലഭിക്കുന്നതിനായി നിബന്ധനകള്‍ പരിഷ്‌കരിക്കണമെന്നും അല്‍ ഷമാരി പറഞ്ഞു.

പരിസ്ഥിതി, സാമ്പത്തികം, സാമൂഹിക വികസനം എന്നീ മൂന്നു ഘടകങ്ങളിലും സന്തുലിതാവസ്ഥ കൊണ്ടുവരാനുള്ള കഠിന പരിശ്രമത്തിലാണു ഖത്തറെന്നും ജനങ്ങളില്‍നിന്നും സമൂഹത്തില്‍നിന്നും ആവശ്യം ഉയര്‍ന്നെങ്കില്‍ മാത്രമേ സുസ്ഥിര നഗരവികസനം മുന്നോട്ടു പോകൂവെന്നും ഖത്തര്‍ കൂള്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ യാസര്‍ സലാഹ് അല്‍ ജൈദ പറഞ്ഞു. ഇതിനായി ബോധവല്‍ക്കരണം നടത്തണമെന്നും ജനങ്ങള്‍ക്കിടയിലെ തെറ്റിദ്ധാരണ മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. നഗരവികസനം സംബന്ധിച്ച പൂര്‍ണ റിപ്പോര്‍ട്ട് വൈകാതെ പുറത്തിറക്കുമെന്നു ക്യുജിബിസി അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x